- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന് ഒടുവിൽ നീതി; കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടിക്ക് സർക്കാർ നിർദ്ദേശം; അഞ്ചുപേരെ സർവ്വീസിൽ നിന്നും പിരിച്ചുവിടും; നടപടി ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം നൽകും
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട രാജ്കുമാറിന് ഒടുവിൽ നീതി. കുറ്റാരോപിതരായ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സർക്കാർ നിർദ്ദേശം. അഞ്ചുപേരെയും വിചാരണ ചെയ്യാനും സർവ്വീസിൽ നിന്നും പിരിച്ചുവിടാനും സർക്കാർ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷന്റിപ്പോർട്ട് പൊലീസിനെതിരായിരുന്നു. കസ്റ്റഡി മർദ്ദനം മൂലമാണ് രാജ്കുമാർ മരിച്ചതെന്നും പോസ്റ്റുമോർട്ടം പോലും പൊലീസ് അട്ടിമറിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു. നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു.
തെളിവുള്ളവർക്ക് എതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു.കസ്റ്റഡി കൊലപാതകം റിപ്പോർട്ട് ജുഡീഷ്യൽ കമ്മീഷൻ മുഖ്യമന്ത്രിക്ക് കൈമാറി. രാജ്കുമാറിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി ആകെ 45 ലക്ഷം രൂപ നൽകാനാണ് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തത്. റിപാർട്ടിലെ ആക്ഷൻ ടേക്കൺ സ്റ്റേറ്റ്മെന്റ് സർക്കാർ സഭയിൽ വെച്ചു.
2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ്‍ 21ന് ജയിലിൽ വെച്ച് മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം.
എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തു. എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ