- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണം: സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; 9 പൊലീസുകാർ പ്രതികൾ; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഇല്ലാതിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളും പ്രതിപ്പട്ടികയിൽ; ഇവർ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം സിജെഎം കോടതിയിൽ
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയിട്ടുള്ളത്.എസ് ഐ കെ എ സാബുവാണ് ഒന്നാം പ്രതി. എഎസ്ഐ സിബി, പൊലീസുകാരായ റജിമോൻ, നിയാസ്, സജീവ് ആന്റണി, ജിതിൻ കെ ജോർജ്, ഹോംഗാർഡ് കെ എം ജെയിംസ് തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു.
ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഉൾപ്പെടാതിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിൾ ഗീതു ഗോപിനാഥ്, കോൺസ്റ്റബിൾ ബിജു ലൂക്കോസ് എന്നിവരും സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരും കൊടിയ പീഡനത്തിൽ പങ്കാളികളായിരുന്നു എന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. രാജ്കുമാറിനൊപ്പം പിടികൂടിയ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഗീതു ഗോപിനാഥ് അതിക്രൂരമായിട്ടാണ് ആക്രമിച്ചത്.
സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ചത് ഉൾപ്പെടെ ന്യായീകരിക്കാത്ത മർദ്ദന മുറകൾ ഈ ഉദ്യോഗസ്ഥ നടത്തിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പൊലീസുകാരായ പ്രതികൾ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു. ഇടുക്കി എസ്‌പി ആയിരുന്ന കെ ബി വേണുഗോപാൽ, കട്ടപ്പന ഡിവൈഎസ്‌പി ഷംസ്, ജയിൽ ജീവനക്കാർ, രാജ്കുമാറിനെ പരിശോധിച്ച ഡോക്ടർമാർ, ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. 2020 ജനുവരിയിലാണ് സിബിഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജൂൺ 12 നാണ് ചിട്ടി തട്ടിപ്പിന്റെ പേരിൽ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ