- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടം രാജ് കുമാർ ലോക്കപ്പ് മരണം:എസ്ഐ. സാബു അടക്കം 9 പൊലീസുദ്യോഗസ്ഥർക്ക് ജാമ്യം;ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സാക്ഷിമൊഴികൾ വേണമെന്ന് പ്രതികൾ;അന്വേഷണ ഉദ്യോസ്ഥനായ തിരുവനന്തപുരം സി ബി ഐ എസ്. പി. നിലപാടറിയിക്കാൻ കോടതി
തിരുവനന്തപുരം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്ന രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ സബ് ഇൻസ്പെക്ടർ കെ. എ. സാബു അടക്കം 9 പൊലീസുദ്യോഗസ്ഥർക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചി സി ബി ഐ കോടതി മുമ്പാകെ വിചാരണ നേരിടുന്നതിനായി സി ബി ഐ കുറ്റപത്ര പകർപ്പും സാക്ഷിമൊഴി പകർപ്പുകളും കോടതി പ്രതികൾക്ക് നൽകി. അതേ സമയം കേസന്വേഷണത്തിൽ സിബിഐ എത്തും മുമ്പ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയ സാക്ഷിമൊഴിപ്പകർപ്പുകൾ വേണമെന്ന പ്രതികളുടെ ആവശ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പി. നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരമാണ് വിചാരണയിൽ പ്രോസിക്യൂഷൻ റിലെ ചെയ്യുന്ന (ആശ്രയിക്കുന്ന) രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകിയത്. കേസ് വിചാരണക്കായി കൊച്ചി സിബിഐ കോടതിയിലേക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 193 , 209 എന്നീ വകുപ്പുകൾ പ്രകാരം കമ്മിറ്റ് ചെയ്തയക്കുന്ന നടപടിയാണ് സി ബി ഐ യുടെ ഫയലിങ് , കമ്മിറ്റൽ കോടതിയായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പുരോഗമിക്കുന്നത്.
കസ്റ്റഡി മരണക്കേസിൽ ഒന്നു മുതൽ 9 വരെ പ്രതികളായ നെടുങ്കണ്ടം പൊലീസ് സബ്ബ് ഇൻസ്പെക്ടർ കെ. എ. സാബു , എഎസ്ഐ. സി.ബി. റെജിമോൻ , സിവിൽ പൊലീസ് ഓഫീസറായ പൊലീസ് ജീപ്പ് ഡ്രൈവർ നിയാസ് , സീനിയർ സി.പി.ഒ. സജീവ് ആന്റണി , ഹോം ഗാർഡ് കെ.എം. ജയിംസ് , സി.പി.ഒ. ജിതിൻ. കെ. ജോർജ് , എ. എസ്. ഐ.യും സ്റ്റേഷൻ റൈറ്ററുമായ റോയി. പി. വർഗീസ് , സീനിയർ സി.പി.ഒ. ബിജു ലൂക്കോസ് , വനിത സി.പി.ഒ. ഗീതു ഗോപിനാഥ് എന്നിവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണ വേളയിൽ ബിജുവും ഗീതുവും പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.
2019 ജൂൺ 12 നാണ് ഇടുക്കി തൂക്കുപാലത്തെ ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താതെയും പൊലീസ് സ്റ്റേഷൻ ജി.ഡി. യിൽ എൻട്രി ചെയ്യാതെയും ദേഹപരിശോധനാ രജിസ്റ്ററിൽ (പേഴ്സണൽ സെർച്ച് രജിസ്റ്റർ) (പി. എസ്.ആർ) രേഖപ്പെടുത്താതെയും പൊലീസുദ്യോഗസ്ഥരുടെ പോക്കറ്റ് ഡയറി നോട്ടു ബുക്കിൽ രേഖപ്പെടുത്താതെയും അനധികൃതമായി കസ്റ്റഡിയിൽ വച്ച് പണം വീണ്ടെടുക്കാനെന്ന പേരിൽ 4 ദിവസം മൂന്നാം മുറ പ്രയോഗിച്ചും ക്രൂരമായി മാരകായുധങ്ങളുപയോഗിച്ചും മർദ്ദിച്ചു. അവശനായ രാജ് കുമാറിനെ ജൂൺ 15 ന് നെടുങ്കണ്ടം സർക്കാർ ആശുപത്രിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഹാജരാക്കി.
ആരോഗ്യ സ്ഥിതി അത്യന്തം മോശമായതിനാൽ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അപ്രകാരം ചെയ്യാതെ പൊലീസ് തലേ ദിവസം കസ്റ്റഡിയിൽ എടുത്തതായി വ്യാജ അറസ്റ്റ് മെമോ , അറസ്റ്റ് അറിയിപ്പ് , ഇൻസ്പെക്ഷൻ മെമോ , അറസ്റ്റ് കാർഡ് , എഫ്.ഐ.ആർ , എഫ്. ഐ. എസ് , റിമാന്റ് റിപ്പോർട്ട് എന്നിവ തയ്യാറാക്കി ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ജൂൺ 16 ന് ഹാജരാക്കി. ജാമ്യമില്ലാ വകുപ്പായതിനാലും ജാമ്യാപേക്ഷ സമർപ്പിക്കാത്തതിനാലും ജാമ്യക്കാരില്ലാത്തതിനാലും കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
ആരോഗ്യസ്ഥിതി വഷളായ രാജ് കുമാർ ദാഹജലം ചോദിച്ചിട്ടും ജയിലധികൃതർ നൽകിയില്ലെന്ന് സഹതടവുകാർ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ജൂൺ 21 ന് പീരുമേട് ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.20 ന് മരിച്ചു. ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം പൊലീസിനെ സഹായിക്കുന്ന രീതിയിലായതിനാൽ അന്വേഷണം സിബിഐ. ക്ക് കൈമാറുകയായിരുന്നു. 2021 ഫെബ്രുവരി 4 നാണ് അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
കൂടാതെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അന്വേഷണ കമ്മിഷൻ കസ്റ്റഡി മരണം അന്വേഷിച്ച് പൊലീസുദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകി. കമ്മീഷൻ വിദഗ്ധ ഡോക്ടർമാരെ കൊണ്ട് രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തിയാണ് പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കുറ്റകൃത്യങ്ങൾ തെളിവിൽ കൊണ്ടുവന്നത്. ദേഹമാസകലം 22 ലധികം പരിക്കുകൾ , 4 വാരിയെല്ലുകൾക്ക് ഒടിവ് , കാൽപാദത്തിലെ ഉള്ളം കാലിൽ മാരകായുധങ്ങൾ കൊണ്ടടിച്ച ധാരാളം ചതവുകൾ എന്നിവ കണ്ടെത്തി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പൊലീസുദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.
തങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ രേഖകൾ ചമക്കാൻ രാജ് കുമാറിന്റെ ഭാര്യ ശാലിനിയേയും പ്രതികൾ ഉപദ്രവിച്ചതായി സിബിഐ കുറ്റപത്രത്തിലുണ്ട്. 152 സാക്ഷി മൊഴികൾ , 145 പ്രാമാണിക രേഖകൾ , 32 തൊണ്ടിമുതലുകൾ എന്നിവ കോടതിയിൽ സിബിഐ ഹാജരാക്കിയിട്ടുണ്ട്. ഇടുക്കി എസ്. പി. വേണുഗോപാൽ , ഡിവൈഎസ്പി ഷംസുദ്ദീൻ , ജയിൽ ഉദ്യോഗസ്ഥർ , പൊലീസിനനുകൂലമായി പരിക്കില്ലാ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109 ( കുറ്റകൃത്യത്തിനുള്ള പ്രേരണയും ഗൂഢാലോചനയും ബോധപൂർവ്വമായ സഹായിക്കലും) , 324 ( മാരകായുധങ്ങളുപയോഗിച്ചുള്ള ദേഹോപദ്രവമേൽപ്പിക്കൽ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാൻ കളവായ വിവരം നൽകലും തെളിവു നശിപ്പിക്കലും) , 167 (പൊതുസേവകർ ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ ചമക്കൽ) , 193 ( നീതിന്യായ കോടതിയിൽ വ്യാജമായ തെളിവു നൽകൽ) , 343 ( മുന്നോ അതിൽ കൂടുതലോ ദിവസത്തെ അന്യായ തടങ്കലിൽ വയ്ക്കൽ) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിര്യെ കൊടുക്കുവാൻ നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ) , 323 (സ്വേച്ഛയാലുള്ള ദേഹോപദ്രവം) , 330 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിനു വേണ്ടി സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 331 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിന് വേണ്ടി സ്വേച്ഛയാ കഠിന ദേഹോപദ്രമൽപ്പിക്കൽ) , 302 ( കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.