കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സിഎസ്എൽടിസിയിൽ കോവിഡിന്റെ മറവിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലും, സാധന സാമഗ്രികൾ വാങ്ങിയതിലും അൻപത് ലക്ഷം രൂപയുടെ അഴിമതി നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമ്പന സാമൂഹ്യാരോഗ്യകേന്ദ്രം ഉപരോധിച്ചു.

ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ പങ്കെടുക്കാനായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും, മറ്റ് ജനപ്രതിനിധികളും ഹോസ്പിറ്റലിൽ എത്തിയപ്പോഴായിരുന്നു ഉപരോധം നടത്തിയത്. എന്നാൽ ഹോസ്പിറ്റൽ സൂപ്രണ്ട് അവധിയിലായതിനാൽ കമ്മിറ്റി ചേരാതെ പിരിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു .

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധത്തിന് ചെലവാക്കിയ ഫണ്ടുകൾ സിപിഎം പ്രാദേശിക നേതാക്കന്മാർക്ക് പണം സമ്പാദിക്കുവാനുള്ള മാർഗമായിട്ടാണ് കാണുന്നത് എന്നും അഴിമതി നടത്താനായി ബ്ലോക്ക് പഞ്ചായത്തിലെ നെടുമ്പന ഡിവിഷൻ മെമ്പറെ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കിയിരിക്കുകയാണെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു

അഞ്ച് മാസം കൊണ്ട് ഇരുപത് ലക്ഷത്തിലധികം രൂപയുടെ ഭക്ഷണം നൽകി എന്നതിലെ യഥാർത്ഥ കണക്കുകൾ വരാതിരിക്കാനായി കോവിഡ് രോഗികളുടെ കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിയെന്ന വിചിത്രമായ വാദമാണ് അധികാരികൾ പറയുന്നത്. ഭക്ഷണത്തിന്റെ കരാർ എടുത്തിരിക്കുന്നത് നെടുമ്പന പത്താം വാർഡിലെ സിപിഎം മെമ്പറാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ക്വൊട്ടേഷനും സിപിഎം പ്രാദേശിക നേതാവാണ് എടുത്തിരിക്കുന്നത്.

പണം തട്ടാനായി ബിൽഡിംങ്ങിലെ മൊസൈക്കിലും പെയിന്റടിച്ചിരിക്കുകയാണ്. പഴയ 48 കട്ടിലുകൾ നന്നാക്കാനായി രണ്ടു ലക്ഷം രൂപയോളം ചെലവഴിച്ചു. ഈ തുകകൊണ്ട് പുതിയ കട്ടിൽ വാങ്ങാമെന്നിരിക്കയാണ് പഴയ കട്ടിൽ നന്നാക്കിയിരിക്കുന്നത്. സർക്കാരിന്റെ മാനദന്ധം പാലിക്കാതെ കരാറുകൾ സിപിഎം നേതാകൾക്ക് നൽകിയതിന്റെ ഒന്നാം പ്രതി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും, ഭരണസമിതിയുമാണെന്നും. ഇവർക്കെതിരെ നടപടി എടുക്കുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.

യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്റ് റാഷിദ് മുട്ടക്കാവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നെടുമ്പന നോർത്ത് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ സമദ്, ദമീൻ മുട്ടയ്ക്കാവ്, അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഹാഷിം, ശിവദാസൻ, സുജ ബിജു, റജില ഷാജഹാൻ, ഷെഹീർ മുട്ടയ്ക്കാവ്,ഹരികുമാർ, സജാദ് മലേവയൽ , ഷാനവാസ് വെളിച്ചിക്കാല, ലത്തീഫ്, ബിനോയ്, സുൽഫിക്കർ, തൗഫീഖ്, റമീസ്, ആഷിഖ് ബൈജു, നെഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി