തിരുവനന്തപുരം: അതുല്യ കലാകാരൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. ചലച്ചിത്ര രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അന്തരിച്ച നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലച്ചിത്രതാരം കമൽഹാസൻ.

കമൽഹാസന്റെ വാക്കുകളിലേക്ക്
ഞാൻ ഇപ്പോൾ വിയോഗവാർത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ ഒരു ആരാധകനാണ് ഞാൻ. വേണുസാറിന്റെ ആരാധകനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടൻ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തിൽ അദ്ദേഹം അഭിനയിക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചത്. വേണുവിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെ പോലെ ഒരു കലാകാരൻ വളരെ അപൂർവമാണ്. ആ അപൂവർതയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാർ, സംവിധായകർ, എന്നെപ്പോലെയുള്ള ആരാധകർ എല്ലാവരും വേണുവിനെ എന്നും ഓർക്കും..

വേണുവിന് വേണ്ടി എഴുതാനുള്ള കഥകൾ എന്റെയുള്ളിൽ ഉണ്ടായിരുന്നു. വേണുവിനെ പോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്ക് ഇനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോൾ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞു. എന്റെ സ്നേഹം അറിയിക്കാൻ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു. കമൽഹാസൻ പറഞ്ഞു.

പ്രിയസുഹൃത്തിനെ ഓർത്ത് ഫാസിൽ
നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഏറ്റവും അടുപ്പമുള്ള സുഹൃത്തിനെയാണെന്ന് സംവിധായകൻ ഫാസിൽ. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിളിച്ചിരുന്നതായും ഫാസിൽ പറഞ്ഞു.

രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്. വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. അതറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല - ഫാസിൽ പറഞ്ഞു.

ഞാനും വേണുവും തമ്മിലുള്ള സിനിമ ജീവിതവും സുഹൃദ് ബന്ധവും വേറെയാണ്. സുഹൃദ് ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നത് പെട്ടെന്ന് പറഞ്ഞ് തീർക്കാൻ പറ്റുന്നതല്ല. ഒരു വലിയ പുസ്തകം എഴുതാനായുള്ള അനുഭവമുണ്ടാകും അത്. 53 വർഷത്തെ പരിചയമാണ് ഞങ്ങൾ തമ്മിൽ. ഇതിനിടയിൽ ഒരിക്കൽപ്പോലും ഞങ്ങൾക്കിടയിൽ ഒരു നീണ്ട വിടവ് ഉണ്ടായിട്ടില്ല.

വേണുവിന്റെ അഭിനയം എന്നുപറയുന്നത്, 1978 ലും 79ലുമെല്ലാം വെറും മുപ്പത് വയസ് ഉള്ളപ്പോൾവരെ വയസ്സായ ആളുകളുടെ റോളുകൾ ചെയ്തിരുന്ന നടനാണ് അദ്ദേഹം. ഇതുപോലെ മഹാഭാഗ്യം ചെയ്തിട്ടുള്ള നടൻ മലയാള സിനിമയിൽ വേറെ കാണില്ല. പൂച്ചക്കൊരു മൂക്കുത്തി സിനിമയിൽ സുകുമാരിയുടെ ഭർത്താവായാണ് വരുന്നത്, അതേകാലത്തുതന്നെ പത്മരാജന്റെ ഫയൽവാൻ എന്ന ചിത്രത്തിൽ വളരെ വൃദ്ധനായും എത്തുന്നു. ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ഏറ്റെടുത്തിട്ടുള്ള നടൻ വേറെ ഉണ്ടാകില്ല.

പലതലമുറകളിലും നെടുമുടി നിറഞ്ഞാടി. സിനിമാജീവിതത്തിൽ ഒരു ദേശീയ അവാർഡ് കിട്ടിയില്ല എന്ന ഖേദമേയുള്ളൂ. അതൊഴികെ മലയാളത്തിൽ എല്ലാം നേടിയതാണ് അദ്ദേഹത്തിന്റെ ജീവിതം. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു. വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഫാസിൽ പറഞ്ഞു.

പകരം വയ്ക്കാനില്ലാത്ത നടനെന്ന് സിബി മലയിൽ
കഥാപാത്രത്തെ മിഴിവോടെ പ്രേക്ഷകരുടെ അടുത്തേക്ക് എത്തിക്കാൻ സാധിക്കുന്ന അസാധ്യപ്രതിഭയാണ് നെടുമുടിവേണുവെന്ന് സംവിധായകൻ സിബി മലയിൽ. നെടുമുടിക്കൊപ്പം ജോലി ചെയ്യുന്ന സമയത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

'പകരം വയ്ക്കാനില്ലാത്ത നടനാണ് വേണുച്ചേട്ടൻ. അദ്ദേഹത്തോട് കിടപിടിക്കാനോ താരതമ്യപ്പെടുത്താനോ ഒരു കലാകാരൻ ഇല്ലയെന്ന് നിസംശയം പറയാനാകും. വലിയൊരു വേദനയാണ്. എന്റെ ആദ്യത്തെ സിനിമയിൽ പ്രധാനവേഷം ചെയ്തത് ഉൾപ്പടെ ഏതാണ്ട് ഇരുപതിലേറെ സിനിമകളിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജേഷ്ഠ സഹോദരൻ, അടുത്ത സുഹൃത്ത്, നമുക്ക് ഏത് ഘട്ടത്തിലും സമീപിക്കാൻ ഉതകുന്ന , പിൻബലമായി നിൽക്കുന്ന ആളായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ നഷ്ടമാണ്. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞത് മുതൽ വലിയ ആശങ്കയും പ്രാർത്ഥനയും ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല' , സിബി മലയിൽ പറയുന്നു.

'കമലദളത്തിന്റെ ഷൂട്ടിങ് സമയത്ത് വിദേശ യാത്ര ഉണ്ടായിതിരുന്നതിനാൽ ഏൽപിച്ച കഥാപാത്രം ചെയ്യാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. സിനിമയിൽ വേണു ചേട്ടന് വെച്ച കഥാപാത്രമാണ് പിന്നീട് മുരളി ചെയ്ത കഥകളി അദ്ധ്യാപകൻ. എന്നാൽ സിനിമയിൽ നെടുമുടി വേണു ഉണ്ടാകണമെന്ന മോഹൻലാലിന്റെയും എന്റെയും നിർബന്ധം കാരണമാണ് കലാമണ്ഡലത്തിന്റെ സെക്രട്ടറി കഥാപാത്രം ചെയ്തത്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് അത്. പക്ഷേ വേണുചേട്ടൻ ആ കഥാപാത്രം ചെയ്തപ്പോൾ ഒരു മിഴിവുണ്ടായി സ്വീകാര്യതയുണ്ടായി. അതാണ് വേണുചേട്ടൻ. ഏൽപ്പിക്കുന്ന കഥാപാത്രത്തെ മിഴിവോടെ പ്രേക്ഷകരുടെ അടുത്തേക്ക് എത്തിക്കാൻ സാധിക്കുന്ന അസാധ്യപ്രതിഭയാണ് അദ്ദേഹം.

വേണുചേട്ടൻ ആ സെററിലുണ്ടെങ്കിൽ സെറ്റ് സജീവമാണ്. വല്ലാത്ത എനർജി നൽകുന്ന സാന്നിധ്യമാണ്. അതുകൊണ്ട് വേണുചേട്ടൻ ഇനിയില്ല എന്നുപറയുമ്പോൾ വേണുചേട്ടന്റെ സാന്നിധ്യത്തിന്റെ അഭാവം വല്ലാതെ വേദനിപ്പിക്കുക തന്നെ ചെയ്യും.' സിബി മലയിൽ പറഞ്ഞു.

വികാരഭരിതനായി ഇന്നസെന്റ്
അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന ആളാണ് നെടുമുടി വേണുവെന്നും അദ്ദേഹം ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും സാധിക്കാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

'ഞാനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മദ്രാസിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിന് മുമ്പ് സിനിമയിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ആദ്യമായി കാണുന്നതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഒരു രാത്രി കൊണ്ട് ഞങ്ങൾ സുഹൃത്തുക്കളായി എന്നുള്ളതാണ്. ഞാൻ നിർമ്മിച്ച നാല് ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും എനിക്ക് വയ്യ. നമ്മൾ തമ്മിലുള്ള ബന്ധവും അദ്ദേഹത്തിന്റെ അഭിനയവുമായിരുന്നു അതിന് കാരണം. എന്റെ കാര്യത്തിൽ അദ്ദേഹം ഒരു ദിവസം ഇങ്ങനെ പറയും എന്നാണ് കരുതിയത്. ഞാൻ അങ്ങനെ വിചാരിക്കുന്ന ആളാണ്. പക്ഷേ.. പ്രാർത്ഥിക്കുന്നു', എന്ന് ഇന്നസെന്റ് പറഞ്ഞു.

നെടുമുടി വേണുവിനെ അനുസ്മരിച്ച് ജഗദീഷ്
ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഞാനും വേണുച്ചേട്ടനും തമ്മിലുള്ളത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ തുടക്കക്കാരൻ എന്ന നിലിൽ എനിക്ക് ഉണ്ടായിരുന്ന പരിമിതികൾ അതിജീവിക്കാൻ അദ്ദേഹം നൽകിയ ടിപ്‌സുകൾ, ആത്മവിശ്വാസം അതൊന്നും എനിക്ക് ഒരുകാലത്തും മറക്കാനാകില്ല. കഥാപാത്രങ്ങളെ ഭംഗിയായി അവതിപ്പിക്കാൻ വേണ്ട കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. എല്ലാവരുടെയും മനസ്സിൽ എക്കാലത്തും നിലനിൽക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം മികച്ചതായി തന്നെ നമുക്ക് തന്നു. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.'

ഫോണിൽ വിളിച്ചിരുന്നു: മണിയൻപിള്ള രാജു
1975 മുതലാണ് ഞാനും വേണുവും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. അന്ന് അദ്ദേഹം കലാകൗമുദിയുടെ റിപ്പോർട്ടറാണ്. അതിനുശേഷം അൻപതിലേറെ സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. അതുല്യകലാകാരൻ! മലയാളസിനിമയിൽ നെടുമുടി വേണുവിന് പകരക്കാരനില്ല. അഭിനയം മാത്രമല്ല, തനതുകലകളിലുള്ള അറിവ്. മൃദംഗം, തബല എന്നിങ്ങനെ എല്ലാ വാദ്യോപകരണങ്ങളും വായിക്കും. എല്ലാവരോടും സ്‌നേഹം. നെടുമുടി വേണു സെറ്റിലുണ്ടെങ്കിൽ അതൊരു ഊർജമാണ്.

അദ്ദേഹം അഞ്ഞൂറ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിൽ 400 കഥാപാത്രങ്ങളും അത്യുഗ്രനായിരിക്കും. തമിഴിലായാലും മലയാളത്തിലായാലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ സിനിമയുടെ നഷ്ടമാണ് ഈ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു, സംസാരിച്ചപ്പോൾ ശബ്ദത്തിൽ നല്ല ക്ഷീണം കാണുന്നുണ്ടല്ലോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ചെറിയ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ട്, ഞാൻ കിംസിൽ അഡ്‌മിറ്റ് ആകാൻ പോകുയാണെന്ന് എന്നോട് പറഞ്ഞു. പിന്നീട് കിംസിൽ വിളിച്ച് വിവരങ്ങൾ ആരായുന്നുണ്ടായിരുന്നു. പക്ഷേ വിയോഗം തകർത്തുകളഞ്ഞു.

ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരാണ് അനുശോചന കുറിപ്പ് പങ്കുവച്ചത്.

ദിലീപ്: ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം

വിനീത് ശ്രീനിവാസൻ: അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്.. വല്ലാത്തൊരു ശൂന്യത.. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേൾപ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ധൈര്യം തന്ന ആ ഫോൺ വിളിയും.. എല്ലാം മിന്നിമറയുന്നു.. പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല.

പൃഥ്വിരാജ്: വേണു അങ്കിൾ. അങ്ങയുടെ സിനിമകളും കലയോടുള്ള ആഴത്തിലുള്ള അവബോധവും വരും തലമുറയ്‌ക്കൊരു പഠനോപാധിയായിരിക്കും. ഇതിഹാസത്തിനു വിട.

വിനയൻ: വേണുവേട്ടൻ വിടവാങ്ങി..... അതുല്യനായ കലാകാരൻ...അഭിനയത്തിന്റെ മർമ്മമറിഞ്ഞ മഹാനടൻ...സ്‌നേഹ സമ്പന്നനായ ജ്യേഷ്ഠ സഹോദരന് ആദരാഞ്ജലികൾ...