തിരുവനന്തപുരം: സ്വാഭാവിക അഭിനയത്തിലൂടെ അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട നടന വിസ്മയമായിരുന്നു നെടുമുടി വേണു. കഥാപാത്രത്തെ അത്രത്തോളം ഉൾക്കൊണ്ട് അവതരിപ്പിച്ച നടൻ. അഭിനയമാണോ ജീവിതമാണോ തന്റെ കൺമുന്നിലെ തിരശീലയിൽ എന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയാത്ത അനുഭവം പലപ്പോഴും സമ്മാനിച്ച പ്രതിഭ.

നെടുമുടി വേണു അരങ്ങൊഴിയുമ്പോൾ അദ്ദേഹത്തെക്കുറിച്ച് തന്റെ കുട്ടിക്കാലത്തെ ഒരോർമ പങ്കു വയ്ക്കുകയാണ് അയൽക്കാരൻ കൂടിയായ വിനോദ് നെടുമുടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ. അത് നെടുമുടി വേണുവിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്.

1981ൽ പുറത്തിറങ്ങിയ വിട പറയും മുൻപേ എന്ന മോഹൻ-ജോൺ പോൾ ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു വേണുച്ചേട്ടൻ പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടേതിന് സമാനമായ നിഷ്‌കളങ്കതയോടെ കുട്ടികളോടൊത്തു കളിച്ചു ചിരിച്ചു മരണത്തിലേക്ക് നടന്നു നീങ്ങിയ കാൻസർ രോഗിയായ കഥാപാത്രം.

റിലീസ് ചെയ്ത് രണ്ടു മാസം കഴിഞ്ഞു ചിത്രം നാട്ടിലെ തിയേറ്ററിൽ എത്തി. ഓല മേഞ്ഞ ചിത്ര തീയേറ്റർ സി ക്ളാസ് ആണ്. ആബാല വൃദ്ധം ജനങ്ങളും നാട്ടുകാരന്റെ സിനിമയായ വിട പറയും മുൻപേ കാണാൻ ക്യൂ നില്കുകയായി. നാട്ടുകാരെല്ലാം പോകുമ്പോൾ കുഞ്ഞുകുട്ടി 'അമ്മ സാർ (അന്ന് നാട്ടുമ്പുറത്തു സ്ത്രീ സ്‌കൂൾ അദ്ധ്യാപകരെ ടീച്ചർ എന്ന് അഭി സംബോധന ചെയ്യുന്ന പരിപാടി എത്തിയിട്ടില്ല) എന്ന വേണു ചേട്ടന്റെ അമ്മയ്ക്കും ഒട്ടും ഇരുപ്പുറച്ചില്ല.

വേണു ചേട്ടന്റെ ചേട്ടനായ രാമചന്ദ്ര ചേട്ടനോടൊപ്പം തറവാടായ വാലേഴത് താമസിക്കുന്ന കാലം. തികച്ചും സഹൃദയനായ രാമചന്ദ്ര ചേട്ടൻ എപ്പഴേ റെഡി. ഇരുവരും തിയേറ്ററിൽ എത്തി. 'വിട പറയും മുൻപേ' സമ്മാനിച്ച നിമിഷങ്ങളിലൂടെ സംഘർഷ ഭരിതമായ ഒരു മനസുമായെ ആ അമ്മക്ക് കടന്നു പോകാൻ സാധിച്ചുള്ളൂ.

കഥാപാത്രമായ സേവ്യറിനെ സ്വന്തം മകനായി മാത്രമേ ആ അമ്മക്ക് കാണാൻ കഴിഞ്ഞുള്ളു. പടം തീരുമ്പോൾ, സേവ്യർ കാൻസർ ബാധിതനായി മരിക്കുമ്പോൾ, എല്ലാര്ക്കും മുൻപേ തന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവൻ ആദ്യം തന്നെ മരിക്കുകയാണോ എന്ന വിഹ്‌വലത അവരെ പിടി മുറുക്കി. രാമചന്ദ്രൻ ചേട്ടൻ നോക്കുമ്പോൾ ഇരുന്നു വിങ്ങിപൊട്ടുന്ന അമ്മയെ ആണ് കണ്ടത്. ഒരു വിധത്തിൽ സിനിമയെ റിയാലിറ്റിയിൽ നിന്നും disconect  ചെയ്തു സാന്ത്വനിപ്പിച്ചു വള്ള കടവിലേക്ക് നടന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ആർക്കും ഈ ഗതി വരുത്തരുതേ എന്നുള്ള ഈശ്വരനോടുള്ള പ്രാർത്ഥനയാണ് ആ മകൻ കേട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അമ്മ കണ്ട മകന്റെ അന്ത്യം

നെടുമുടി വേണു അരങ്ങൊഴിയുമ്പോൾ എന്റെ കുട്ടിക്കാലത്തെ ഒരോർമ തേടിയെത്തുകയാണ്. അത് നെടുമുടി വേണുവിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചാണ്. 1981ൽ പുറത്തിറങ്ങിയ വിട പറയും മുൻപേ എന്ന മോഹൻ-ജോൺ പോൾ ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു വേണുച്ചേട്ടൻ പ്രത്യക്ഷപ്പെട്ടത്. കുട്ടികളുടേതിന് സമാനമായ നിഷ്‌കളങ്കതയോടെ കുട്ടികളോടൊത്തു കളിച്ചു ചിരിച്ചു മരണത്തിലേക്ക് നടന്നു നീങ്ങിയ കാൻസർ രോഗി.

ആ കാലഘട്ടങ്ങളിൽ നെടുമുടിക്കാർക് സിനിമ കാണാൻ ഉള്ള പ്രധാന ആശ്രയം അയൽപക്കത്തുള്ള ചമ്പക്കുളം ചിത്ര കൊട്ടക ആണ്. ചെളിയും ചവുട്ടി, ഒറ്റത്തടി,കവുങ്ങു പാലങ്ങളും താണ്ടി ജിമ്‌നാസ്റ്റുകളെ പോലെ ഏതാണ്ട് ഒരു മണിക്കൂർ നടത്ത-ഓട്ട ത്തിനൊടുവിലാണ് ഞങ്ങൾ കൊട്ടകയിലെത്തുക. അത്രയും തന്നെ താണ്ടി വേണം മാറ്റിനിയും, ഫസ്റ്റ് ഷോയും ഒക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലെത്താൻ. കലപില കൂട്ടി ഓടിച്ചാടി ഈ ദൂരമൊക്കെ താണ്ടുന്നത് നിമിഷാര്ധങ്ങല്കുള്ളിൽ എന്ന് പറഞ്ഞാൽ അതിന്റെ ഹരവും രസവും ഓര്ക്കാമല്ലോ. പ്രായമുള്ള ആളുകൾ കൂടുതലും വള്ളത്തെ ആണ് ആശ്രയിക്കുക. ദശാബ്ദങ്ങളുടെ പിന്നിൽ, 80 കളുടെ ആദ്യം ഞാനും എന്റെ തലമുറയും സ്‌കൂളിൽ പഠിക്കുന്ന കാലം.

വിട പറയും മുൻപേയും പതിവ് പോലെ ചമ്പക്കുളം ചിത്രയുടെ നയന മനോഹരമായ വെള്ളിത്തിരയിൽ (അങ്ങിനെയാണ് ബോട്ടിൽ അന്നൗൺസ്മെന്റ് പോവുക) റിലീസിന് രണ്ടു മാസം കഴിഞ്ഞു എത്തി. ഓല മേഞ്ഞ ഞങ്ങളുടെ ചിത്ര തീയേറ്റർ സി ക്ളാസ് ആണ് അതുകൊണ്ടു പുതിയ പടങ്ങൾക്കായുള്ള കാത്തിരിപ്പു നീണ്ടതാണ്. കേമന്മാർ ആലപ്പുഴ വീരയ്യയിലോ ശീമാട്ടിയിലോ പോയി ആദ്യമേ കാണും.

ആബാല വൃദ്ധം ജനങ്ങളും നാട്ടുകാരന്റെ സിനിമയായ വിട പറയും മുൻപേ കാണാൻ ക്യൂ നില്കുകകയായി. നാട്ടുകാരെല്ലാം പോകുമ്പോൾ കുഞ്ഞുകുട്ടി 'അമ്മ സാർ (അന്ന് നാട്ടുമ്പുറത്തു സ്ത്രീ സ്‌കൂൾ അദ്ധ്യാപകരെ ടീച്ചർ എന്ന് അഭി സംബോധന ചെയ്യുന്ന പരിപാടി എത്തിയിട്ടില്ല) എന്ന വേണു ചേട്ടന്റെ അമ്മയ്ക്കും ഒട്ടും ഇരുപ്പുറച്ചില്ല. വേണു ചേട്ടന്റെ ചേട്ടനായ രാമചന്ദ്ര ചേട്ടനോടൊപ്പം തറവാടായ വാലേഴത് താമസിക്കുന്ന കാലം. തികച്ചും സഹൃദയനായ രാമചന്ദ്ര ചേട്ടൻ എപ്പഴേ റെഡി. സഹൃദയൻ എന്ന് പ്രത്യേകം പറയാൻ കാരണമുണ്ട്.

വി കെ എൻ ന്റെ എല്ലാ കൃതികളും സ്വരുക്കൂട്ടി വെച്ചിരിക്കുവന്ന അപൂർവം ആളുകളിൽ ഒരാൾ. വേണു ചേട്ടന് മുൻപേ കാല യവനികക്കുള്ളിൽ മറഞ്ഞു. അഞ്ചു പേരിൽ എനിക്കേറ്റവും അടുപ്പം ഉണ്ടായിരുന്ന ആൾ. തനി നാട്ടുമ്പുറത്തുകാരൻ, കൃഷീവലൻ.

ഇനി കൊട്ടകയിലേക്. 'വിട പറയും മുൻപേ' സമ്മാനിച്ച നിമിഷങ്ങളിലൂടെ സംഘർഷ ഭരിതമായ ഒരു മനസുമായെ ആ അമ്മക്ക് കടന്നു പോകാൻ സാധിച്ചുള്ളൂ. കഥാപാത്രമായ സേവ്യറിനെ സ്വന്തം മകനായി മാത്രമേ ആ അമ്മക്ക് കാണാൻ കഴിഞ്ഞുള്ളു. പടം തീരുമ്പോൾ, സേവ്യർ കാൻസർ ബാധിതനായി മരിക്കുമ്പോൾ, എല്ലാര്ക്കും മുൻപേ തന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവൻ ആദ്യം തന്നെ മരിക്കുകയാണോ എന്ന വിഹ് വലത അവരെ പിടി മുറുക്കി.

രാമചന്ദ്രൻ ചേട്ടൻ നോക്കുമ്പോൾ ഇരുന്നു വിങ്ങിപൊട്ടുന്ന അമ്മയെ ആണ് കണ്ടത്. ഒരു വിധത്തിൽ സിനിമയെ റിയാലിറ്റിയിൽ നിന്നും disconect ചെയ്തു സാന്ത്വനിപ്പിച്ചു വള്ള കടവിലേക്ക് നടന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ആർക്കും ഈ ഗതി വരുത്തരുതേ എന്നുള്ള ഈശ്വരനോടുള്ള പ്രാർത്ഥനയാണ് ആ മകൻ കേട്ടത്.
നാട്ടിൻപുറം, അമ്മ, നന്മ, നടൻ.....പ്രണാമം