കൊച്ചി: 'ഉണ്ണീടെ പടമല്ലേ... ഇവിടെ കോവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്. പിന്നെ, ലാലുവിനെ കണ്ടിട്ടും കുറെ നാളായി. ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണ്. ഞാൻ എന്തായാലും വരും'-ആറാട്ട് സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ സംവിധായകൻ ബി ഉണ്ണികൃഷ്ണനോട് നെടുമുടി വേണു പറഞ്ഞ വാക്കുകളാണ് ഇത്. വീട്ടിൽ ഒതുങ്ങി കൂടാതെ അഭിനയിക്കാൻ മോഹിച്ച നടൻ.

ദേവാസുരം പോലെ മലയാളികൾ വളരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു സിനിമ ചെയ്ത വരിക്കാശ്ശേരിയിൽ ആയിരുന്നു ആറാട്ടിന്റെ ഷൂട്ടിങ്. ആ ഒരു ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹവും ലാൽ സാറും പണ്ട് ചെയ്ത സിനിമകളുടെ അനുഭവങ്ങൾ... അന്നത്തെ ഷൂട്ടിങ്... അവരുടെ സൗഹൃദം അതിന്റെ പല പല സംഭവങ്ങൾ ഇവർ തമ്മിൽ പങ്കുവയ്ക്കുന്നത് ഞാൻ അവിടെ നിന്നു കേട്ടു-ബി ഉണ്ണികൃഷ്ണൻ ഓർക്കുന്നു. ഒരു ഗാന ചിത്രീകരണം നടത്തിയപ്പോൾ അതിൽ കലാമണ്ഡലം ഗോപിയാശാൻ ഉണ്ടായിരുന്നു. ഇവരു മൂന്നുപേരുടേയും ഇടയിലുള്ള ഒരു സൗഹൃദവും രസതന്ത്രവും ഒക്കെ നമുക്ക് തന്നെ വലിയ ആഹ്ലാദം തരുന്നതായിരുന്നു. അതുകഴിഞ്ഞിട്ട് അദ്ദേഹം എന്നോടു പറഞ്ഞു ഇങ്ങനെ ഒരു പാട്ട് മലയാള സിനിമയിൽ വന്നിട്ട് എത്ര നാളായി എന്ന്. ഒരു സെമിക്ലാസ്സിക്കൽ ടൈപ്പ് പാട്ടായിരുന്നു അത്-ഉണ്ണികൃഷ്ണ ൻ വിശദീകരിക്കുന്നു.

കമൽഹാസൻ ഇദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ ആയിരുന്നു. കമൽ സാറിനോട് ഞാൻ നേരിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം മലയാളത്തിൽ എടുത്തു പറഞ്ഞ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ വേണുച്ചേട്ടനായിരുന്നു. ഇന്ത്യൻ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വേഷം കമൽ സർ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതാണ്. വേണുച്ചേട്ടന്റെ ശരീരഭാഷയിൽ ഒരു ഈസി കാസ്റ്റിങ് അല്ലാത്ത ഒന്നാണ് അത്. കമൽഹാസനും ശങ്കറും ചേർന്ന് അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ വേണുച്ചേട്ടൻ അത് ഗംഭീരമാക്കി അവതരിപ്പിച്ചു. അവർ തമ്മിലുള്ള എൻകൗണ്ടർ രംഗം... എനിക്കു തോന്നുന്നു, നമ്മുടെ വാണിജ്യ സിനിമാചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ നിമിഷങ്ങളിൽ ഒന്നാണ്. അങ്ങനെ പറയാനാണെങ്കിൽ എത്രയെത്ര കഥാപാത്രങ്ങൾ. ഈ ഒരു വിയോഗം വളരെ വിഷമമുള്ളതായിപ്പോയി-ഉണ്ണികൃഷ്ണൻ പറയുന്നു.

വേണുച്ചേട്ടന്റെ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. കാരണം അദ്ദേഹം നമ്മുടെ അഭിനയകലയിൽ ഭയങ്കര ഒറിജിനൽ ആയ ഒരു ശൈലി കൊണ്ടുവന്ന ആളാണ്. എന്റെ പ്രീഡിഗ്രി കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ചാമരം റിലീസ് ആകുന്നത്. അതിൽ ക്യാംപസിൽ പഠിക്കാൻ വരുന്ന അച്ഛനായിട്ടായിരുന്നു അദ്ദേഹം. തകര, വിടപറയും മുൻപേ ഇതൊക്കെയാണ് അന്ന് ഞങ്ങളെപ്പോലെ ഉള്ളവരുടെ ഇഷ്ടസിനിമകൾ. പ്രേമഗീതങ്ങൾ എന്നൊരു സിനിമ ഉണ്ടായിരുന്നു. ഒരുപാട് പെൺകുട്ടികളെ പ്രണയിക്കുന്ന ക്യാംപസിലെ ഒരു കാമുകന്റെ വേഷം. പ്രേമത്തിലേക്കുള്ള കുറുക്കു വഴികൾ ആളുകൾക്ക് പറഞ്ഞു കൊടുക്കുന്ന കക്ഷി. അതൊക്കെ എന്തു സരസമായിട്ടാണ് അദ്ദേഹം ചെയ്തത്. അതൊക്കെ അന്നത്തെ ഞങ്ങളുടെ ജനറേഷനെ വല്ലാതെ സ്വാധീനിച്ച കഥാപാത്രങ്ങൾ ആണ്.

കൂടാതെ, കള്ളൻ പവിത്രൻ പോലെയുള്ള കഥാപാത്രങ്ങൾ. ഹ്യൂമറിന്റെ ടച്ചുള്ള നിരവധി കഥാപാത്രങ്ങൾ പ്രിയദർശന്റെ സിനിമകളിലൂടെ അദ്ദേഹം ചെയ്തിട്ടുണ്ട്. ഓടരുതമ്മാവാ ആളറിയാം, പൂച്ചയ്ക്കൊരു മൂക്കൂത്തി തുടങ്ങി തേന്മാവിൻ കൊമ്പത്ത്.... മോഹൻലാലുമായുള്ള ഭയങ്കര കോമ്പിനേഷൻ അതിനകത്തുണ്ട്. ഹിസ്ഹൈനസ് അബ്ദുള്ള പോലെയുള്ള സിനിമകളിലെ പെർഫോമൻസ് എത്ര ഗംഭീരമായിരുന്നു. ചെറിയ ഒരു കഥാപാത്രം ആണെങ്കിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കഥാപാത്രം. എന്ത് രസകരമായ കഥാപാത്രമാണ്. അത് വേണുച്ചേട്ടന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂവെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

നെടുമുടി വേണുവിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ തനിക്ക്. അതുകൊണ്ടുതന്നെ വേണുച്ചേട്ടന്റെ നഷ്ടം തനിക്ക് വ്യക്തപരമായ വലിയ വേദനയാണ്. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ലെന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

മോഹൻലാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.

ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല.

കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...