കൊച്ചി: സിനിമയിൽ കട്ടൻചായ കുടിക്കുമ്പോൾ മദ്യപാന മുന്നറിയിപ്പു നൽകുന്നതിന് എതിരെ നെടുമുടി വേണു. സിനിമയിൽ മദ്യമെന്നു പറഞ്ഞു കൊടുക്കുന്നതു കട്ടൻചായായാണ് എന്ന് എല്ലാവർക്കുംഅറിയാമെന്നിരിക്കെ എന്തിനാണ് ഈ മുന്നറിയിപ്പ് എന്നാണു നെടുമുടി വേണു ചോദിക്കുന്നത്.

യഥാർത്ഥത്തിൽ സിനിമയിൽ മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത് കട്ടൻ കാപ്പിയാണെന്നും ഇക്കാര്യം എല്ലാവർക്കും അറിയാമെന്നിരിക്കെ പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പ് നൽകുന്നത് എന്നുമാണ് നെടുമുടി വേണു ചോദിക്കുന്നത്. കട്ടൻചായ കുടിക്കുമ്പോൾ മദ്യപാനത്തിന്റെ നിയമവശങ്ങൾ എഴുതികാണിക്കണമെന്ന് പറയുന്ന സെൻസർബോർഡിനെതിരെ വേണമെങ്കിൽ കേസ് കൊടുക്കാവുന്നതാണെന്നും നെടുമുടി വേണു ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിയമവിരുദ്ധമായ എത്രയോ രംഗങ്ങൾ സിനിമയിൽ കാണിക്കുന്നു. അതിനെതിരെ എന്തുകൊണ്ട് സെൻസർബോർഡ് പ്രതികരിക്കുന്നില്ല? സിനിമയിലെ മറ്റുള്ള കൊടുംക്രൂരതകളൊന്നും സെൻസർ ബോർഡിന്റെ മുന്നിൽ കുറ്റകരമല്ലെ? സിനിമയിൽ അച്ഛനെ കൊല്ലുന്നു, ഭാര്യയെ കൊല്ലുന്നു. കൂട്ടുകാരൻ കൂട്ടുകാരനെ കൊല്ലുന്നു. മോഷണവും പിടിച്ചുപറിയും മർദ്ദനവും എല്ലാം നടക്കുന്നു. എന്നാൽ അത്തരം രംഗങ്ങൾ കാണിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് വഴിമാറുന്നുവെന്നാണ് നെടുമുടിയുടെ ചോദ്യം.

സിനിമ ഒരു കലാരൂപമാണ്. ഒരുനല്ല കലാരൂപമെന്ന നിലയിൽ സിനിമയെ കണ്ടാൽ മതിയാകും. ജീവിതത്തിലില്ലാത്തത് പലതുമാണ് സിനിമയിൽ കാണിക്കുന്നത്. പ്രണയഗാനം ജീവിതത്തിലുണ്ടോ? പ്രണയിക്കുന്നവരുണ്ടാകും. അവർ പ്രണയഗാനം പാടിനടക്കാറുണ്ടോ? മരം ചുറ്റി നടക്കാറുണ്ടോ? പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നരംഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വലിയ സംഘം നൃത്തം ചെയ്യുന്നത് എത്രയെത്ര സിനിമകളിൽ നമ്മൾ കണ്ടിരിക്കുന്നു. അതൊക്കെ ജീവിതത്തിലുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.