- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമുടി വേണുവിന് ആദരമർപ്പിച്ച് കലാകേരളം; അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിൽ അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ ; സംസ്കാരം ഉച്ചകഴിഞ്ഞ് ശാന്തികവാടത്തിൽ
തിരുവനന്തപുരം: നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് കലാകേരളം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30വരെയാണ് പൊതുദർശനം. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
നെടുമുടിയിൽനിന്നെത്തി കുണ്ടമൻകടവ് തിട്ടമംഗലത്തെ മനോഹരമായ പ്രദേശം തമ്പ് ആക്കിയ നെടുമുടി വേണുവിന് ആദരവിന്റെ പൂക്കൾ അർപ്പിക്കാൻ ജനനേതാക്കളും ജനപ്രിയ നടന്മാരും ഒരുമിച്ച് എത്തുന്ന കാഴ്ചയായിരുന്നു ഇന്നു പുലർച്ചെ വരെ. ഒട്ടേറെ സിനിമകളിൽ അഭിനയത്തിന്റെ നെടുമുടി സ്പർശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി.
നെടുമുടി വേണു എന്നു പറയുന്ന, എന്റെ സുഹൃത്തിന്റെ ഈ വിയോഗം മലയാള കലാ സാംസ്കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എന്റെ നഷ്ടം നഷ്ടമായിത്തന്നെ അവശേഷിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരു നാൽപത് വർഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും', ഇടയ്ക്ക് ഇടറിയ വാക്കുകളോടെ മമ്മൂട്ടി പറഞ്ഞുനിർത്തി.
മമ്മൂട്ടി 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്തപ്പോൾ മോഹൻലാൽ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങൾ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാൽ, വികാരാധീനനായി.യാത്രയിൽ തനിച്ചായിപ്പോയ അവസ്ഥയാണ്. ഈ സമയത്തു വേണുച്ചേട്ടനെക്കുറിച്ച് എന്തെങ്കിലും പറയുന്നതുപോലും ശരിയല്ല. അത്രയേറെ തനിച്ചായിപ്പോയ അവസ്ഥയാണ്. എന്റെ യാത്രയിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഇതുപോലെ കൂടെയുണ്ടായിരുന്നുള്ളൂ. കുടയിൽ കൂടെനടന്ന ഒരാളാണ് ഇല്ലാതായത്.
എന്നെ ഇതുപോലെ ചേർത്തുനിർത്തിയവർ കുറവാണ്; അതുപോലെ ഞാൻ അങ്ങോട്ടും. കുറച്ചുദിവസം മുൻപുവരെ വിളിച്ചു. കൈവിട്ടു പോകുകയാണെന്നു തോന്നിയ ദിവസങ്ങളിലാണു ഞാൻ തിരിച്ചറിഞ്ഞത്, എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ലെന്ന്. മോഹൻലാൽ പറഞ്ഞു.രാത്രി 1 മണി കഴിഞ്ഞാണ് മോഹൻ ലാൽ വീട്ടിലെത്തിയത്. അജു വർഗീസ്, ജോജു ജോർജ് എന്നിവരും രാത്രിയോടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
രാവിലെ 10 .30 മുതൽ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനും നിരവധിപേരാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ് എന്നിവരും ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു.മന്ത്രിമാർ മറ്റു ജനപ്രതിനിധികൾ നെടുമുടിയെ അടുത്തറിയുന്ന സഹൃദയർ എന്നിവരും അന്ത്യോപചാരമർപ്പിച്ചു.സിനിമ മേഖലയിലെ സഹപ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ അയ്യങ്കാളി ഹാളിലെത്തി.12. 30 ഓടോ പൊതുദർശനം അവസാനിപ്പിച്ച് ചടങ്ങുകൾക്കായി സ്വവസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ശാന്തികവാടത്തിൽ നടക്കും.
മറുനാടന് മലയാളി ബ്യൂറോ