- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാൽമുട്ടുകൾക്ക് താഴെ 32 മുറിവുകൾ; തുടയിൽ ഉരുട്ടിയ പാട്; പാടേ തകർന്ന കാൽവെള്ള; പണി പാളിയെന്ന് മനസ്സിലായപ്പോൾ കാലിന് പരിക്കേറ്റത് പൊലീസിനെ കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവെയെന്ന് പറയാൻ ഭീഷണിയും; നെടുങ്കണ്ടത്തെ വില്ലൻ പൊലീസ് തന്നെ; കസ്റ്റഡി മരണത്തിൽ ജ്യൂഡീഷ്യൽ കമ്മീഷൻ സത്യം കണ്ടെത്തുമ്പോൾ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട്. രാജ് കുമാർ കൊല്ലപ്പെട്ടത് ക്രൂര മർദ്ദനമേറ്റെന്നാണ് ജുഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തൽ. പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സിബിഐ അന്വേഷിക്കുന്ന കേസാണ് ഇത്.
ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിനിടെ രാജ്കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും മർദ്ദിച്ചതായുള്ള സാക്ഷി മൊഴികൾ വസ്തുതാപരമാണെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ നിന്ന് തെളിവെടുത്തു.
രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചു.കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ഉണ്ടായിട്ടുള്ള വീഴ്ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം എന്നിവ ഉൾക്കൊള്ളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്. 2019 ജൂലായ് 21നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് റീ പോസ്റ്റുമോർട്ടം വരെ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് നടത്തി.
സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ് ജയിലിൽ കഴിയവെയാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസിൽ നെടുങ്കണ്ടം എസ്ഐ കെ എ സാബുവടക്കം അറസ്റ്റിലായിരുന്നു്. ഒന്നാംപ്രതിയായ എസ്ഐ സാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാൽമുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകൾ ഉരുട്ടിക്കൊലയുടെ ലക്ഷണങ്ങളാണെന്നാണു പ്രാഥമിക നിഗമനം.
രാജ്കുമാറിനെ കസ്റ്റഡിയിൽ മർദിക്കാൻ നേതൃത്വം നൽകിയതു രണ്ടു പൊലീസ് ഡ്രൈവർമാരെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ മുകൾനിലയിലെ പൊലീസുകാരുടെ വിശ്രമമുറിയിലായിരുന്നു മൂന്നാംമുറ. അരയ്ക്കു താഴെ ക്രൂരമർദനമേറ്റ രാജ്കുമാറിനു നിവർന്നുനിൽക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പൊലീസിനെക്കണ്ട് മതിൽ ചാടി ഓടാൻ ശ്രമിക്കവേയാണു കാലിനു പരുക്കേറ്റതെന്നു മജിസ്ട്രേറ്റിനോടു പറയണമെന്നും നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അതിനാൽ കോടതിയിൽ പ്രതി മർദനവിവരം മറച്ചുവച്ചു.
പീരുമേട് സബ് ജയിലിൽ ഹാജരാക്കിയപ്പോൾ തമിഴിൽ എഴുതിനൽകിയതും കാലിനു പരുക്കുണ്ടെന്നു മാത്രമാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപു തന്നെ ഐ.ജി. നേരിട്ടെത്തി ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിരുന്നു. നെടുങ്കണ്ടം എസ്ഐ: കെ.എ. സാബു, എഎസ്ഐ: സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ ആന്റണി എന്നിവരെ കുറ്റക്കാരാണെന്നും കണ്ടെത്തി. രാജ്കുമാറിനു മർദമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കാലുകളുടെ മുട്ടിനു താഴെ 32 മുറിവുകളുണ്ടായിരുന്നു. കാൽവെള്ള തകർന്നിരുന്നു. ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു തുടകളിലെ പേശികൾ വിട്ടുമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സ്വയംസഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വായ്പ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തിൽ ഹരിതാ ഫിനാൻസ് പലരിൽനിന്നും പണം വാങ്ങിയിരുന്നു. ഫീസടച്ചിട്ടും വായ്പ കിട്ടാതിരുന്നവർ ബഹളമുണ്ടാക്കിയതോടെ നെടുങ്കണ്ടം പൊലീസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാർ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ് (43), വെണ്ണിപ്പറമ്പിൽ മഞ്ജു (33) എന്നിവരെ പിറ്റേന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും രാജ്കുമാറിനെ കുറച്ചു ദിവസം കഴിഞ്ഞാണ് കോടതിയിലെത്തിച്ചത്. അതിന് മുമ്പ് അർധരാത്രി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്നു സ്ട്രെക്ച്ചറിലേക്കാണു തിരികെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും പിന്നീടു സബ്ജയിലിലേക്കും കൊണ്ടുപോയത്. സബ്ജയിലിൽനിന്നു നാലു തവണ വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയിരുന്നു.
നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡോക്ടറോടു പറഞ്ഞിരുന്നു. ജയിലിൽ തിരിച്ചെത്തിച്ചെങ്കിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചു. അറസ്റ്റിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായ പരുക്കുകളാണു രാജ്കുമാറിന്റെ ശരീരത്തിലുള്ളതെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ജ്യുഡീഷ്യൽ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തലും പൊലീസിന് എതിരായിരുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ