കുവൈറ്റ് സിറ്റി: റമദാൻ നോമ്പുകാലത്ത് അവശ്യവസ്തുക്കൾക്ക് അനിയന്ത്രിതമായി വില വർധിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്തിയോട് എംപി ഫൈസൽ അൽ കന്ദാരി. നോമ്പുകാലത്ത് സൂപ്പർമാർക്കറ്റുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളും വില നിയന്ത്രണത്തിന് മാർഗങ്ങൾ സ്വീകരിക്കണമെന്നും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഉപയോക്താക്കൾക്ക് മിതമായ വിലയ്ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും സൂപ്പർമാർക്കറ്റ്, ഷോപ്പുകൾ എന്നിവിടങ്ങളിലും വില നിരീക്ഷിക്കുന്നതിനും മറ്റുമായി ടീമിനെ നിയോഗിച്ചതായി മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എംപി വെളിപ്പെടുത്തി. നേരത്തെ ഇവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ വിലക്കൂടുതൽ വാങ്ങുന്ന കടയുടമകൾക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും ചില സൂപ്പർമാർക്കറ്റുകളിൽ നിന്ന് മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫൈസൽ അൽ കന്ദാരി വ്യക്തമാക്കി.

ഉപയോക്താക്കളുടെ ആരോഗ്യത്തേയും സുരക്ഷയേയും കണക്കിലെടുത്തുകൊണ്ടുള്ള കച്ചവടം നടത്താൻ റീട്ടെയ്ൽ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കടകളിൽ പരിശോധന നടത്തുമെന്നും മന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്. അരി പോലെയുള്ള അവശ്യവസ്തുക്കളുടെ വില 30 ശതമാനം എന്നു കണ്ട് വർധിപ്പിച്ച് ഉപയോക്താക്കളെ പിഴിയുന്ന ഒട്ടേറെ കച്ചവടക്കാർ രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് എംപി ഫൈസൽ അൽ കന്ദാരി മന്ത്രാലയത്തോട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടത്. നോമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഡിമാൻഡ വർധിക്കുന്നതോടെ അവയ്ക്ക് വില വർധിപ്പിച്ച് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. മിക്ക അവശ്യവസ്തുക്കൾക്കും പത്തും ഇരുപതും മുപ്പതും ശതമാനം വിലയാണ് വർധിപ്പിച്ചിട്ടുള്ളത്.