കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരളത്തെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. കോളജ് ക്യാമ്പസിലുള്ള ഗ്രൗണ്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ കൂട്ടിയിട്ടതായി നാട്ടുകാർ കണ്ടത്.

ഇരുപതോളം മൃതദേഹങ്ങളാണ് ശാസ്ത്രീയമായി സംസ്‌ക്കരിക്കാതെ ജനവാസ മേഖലയ്ക്കടുത്ത് ചെറിയ കുഴിതീർത്ത് അതിൽ മൃതദേഹങ്ങൾ മണ്ണിട്ട് മൂടാതെ ഉപേക്ഷിക്കുകയായിരുന്നു. കാക്കകളും നായ്ക്കളും മറ്റും മൃതദേഹങ്ങളുടെ ഭാഗങ്ങൾ വലിച്ചുകീറിയ നിലയിലായിരുന്നു. വലിയ തോതിൽ ദുർഗന്ധവും പ്രദേശത്തുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ നായകൾ വലിച്ച് ഗ്രൗണ്ടിലും കൊണ്ടിട്ടിരുന്നു.

ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് മൃതദേഹാവശിഷ്ടങ്ങൾ നായകൾ കടിച്ച് വലിക്കുന്നത് കണ്ടത്. മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നും ജനവാസ കേന്ദ്രത്തിന് സമീപം മൃതദേഹങ്ങൾ ഉപേക്ഷിച്ചുവെന്നും വ്യക്തമായ സംഭവം കേരളസമൂഹം ഞെട്ടലോടെയാണു കേട്ടത്.

വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി റേഡിയോ മിർച്ചി ജോക്കി നീലിമയും രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നാളെ ഒരാൾ എന്തു ധൈര്യത്തിൽ മൃതദേഹം പഠനാവശ്യങ്ങൾക്കു വിട്ടുകൊടുക്കുമെന്ന് നീലിമ ചോദിക്കുന്നു. മരണശേഷം മൃതദേഹം പഠനാവശ്യത്തിനു വിട്ടു കൊടുക്കണമെന്ന് താനും ആഗ്രഹിച്ചിരുന്നു. പക്ഷേ തന്റെ മൃതദേഹം ഏതെങ്കിലും ചപ്പുചവറിൽനിന്ന് കണ്ടെത്തില്ലേയെന്നും നീമില ചോദിക്കുന്നു. നമ്മുടെ കുട്ടികൾക്ക് മെഡിസിൻ പഠിക്കണമെങ്കിൽ മൃതദേഹങ്ങൾ കൂടിയേ തീരൂ. മൃതദേഹങ്ങൾ ലഭ്യമാകണമെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നീലിമ ആവശ്യപ്പെടുന്നു. ഫേസ്‌ബുക്കിലാണ് നീലിമ തന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വൻ വൈറലായ വീഡിയോ പത്തു ലക്ഷം പേർ കണ്ടുകഴിഞ്ഞു. മുപ്പതിനായിരം പേർ ഷെയർ ചെയ്യുകയുമുണ്ടായി.

നീലിമയുടെ വാക്കുകൾ ഇങ്ങനെ:

മൃതദേഹങ്ങൾ എന്നു നമ്മൾ പറയുന്നത് മരിക്കുന്നതിനു മുമ്പ് ആരുടെയൊക്കെയോ അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഒക്കെയായിരുന്നു. ഈ മനുഷ്യർ മരിക്കാതിരിക്കാൻ വേണ്ടി അവർ ഒരുപാടു കഷ്ടപ്പെട്ടുകാണും, ഒരുപാടു കരഞ്ഞുകാണും. എന്നിട്ടും മരിച്ചതിനുശേഷം മൃതദേഹം മെഡിക്കൽ ഡിപാർട്ട്‌മെന്റിനു പഠിക്കാൻ കൊടുക്കണമെന്നു തീരുമാനിക്കണമെങ്കിൽ അവർ വലിയ മനസിന് ഉടമയായിരിക്കണം. അങ്ങനെയുള്ള ഒരാളുടെ, അല്ലെങ്കിൽ കുറച്ചുപേരുടെ ശരീരങ്ങൾ ഇത്ര അപമാനിക്കുന്നവിധത്തിലാണോ നമ്മൾ നോക്കേണ്ടത്?

 

ഒരു വർഷം പത്തു മൃതദേഹങ്ങളാണ് പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജുകൾക്ക് ആവശ്യം വരുക. ഒരു ബാച്ചിന് ഒരു മൃതദേഹം എന്ന കണക്കിലാണിത്. ബാക്കിവരുന്ന മൃതദേഹങ്ങൾ എന്തുചെയ്യുന്നുവെന്നോ എവിടെ പോകുന്നുവെന്നോ ഡോക്ടർമാർക്കോ വിദ്യാർത്ഥികൾക്കോ അറിയില്ല. മോർച്ചറിയിലെ ജീവക്കാരുടെയോ അല്ലെങ്കിൽ അന്റന്റേഴ്‌സിന്റെയോ കൈയിലാണ് ഇക്കാര്യങ്ങൾ. ഇവർ ഇത് എന്തു ചെയ്യുന്നു, എങ്ങനെ കൊണ്ടുപോകുന്നു എന്നുള്ളത് അറിയില്ല.

ഇതിന്റെ ശരിയായിട്ടുള്ള രീതിയെന്നു പറയുന്നത് ഒന്നുകിൽ ഇൻസിനറേറ്ററിൽവച്ച് കരിച്ചുകളയുക, അല്ലെങ്കിൽ കുഴിച്ചിടുക എന്നതാണ്. മിക്ക കോളജുകളിലും ബയോ മെഡിക്കൽ വേസ്റ്റുകൾ മാത്രമാണ് ഇൻസിനറേറ്ററിൽ കരിച്ചുകളയാറുള്ളത്. നമ്മുടെ നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഇത്രയും മൃതദേഹങ്ങൾ കുഴിച്ചിടാനുള്ള സ്ഥലമില്ലെന്നു നമുക്കറിയാം. അപ്പോൾ ഈ മൃതദേഹങ്ങൾ എവിടെ പോകുന്നു?

വ്യക്തിപരമായി പറയുകയാണെങ്കിൽ, മരണശേഷം മൃതദേഹം പഠനാവശ്യത്തിനു വിട്ടു നല്കണമെന്നു വിചാരിച്ചിരുന്നയാളാണു ഞാൻ. ഇനി ഞാൻ എന്തു ധൈര്യത്തിൽ കൊടുക്കും. നാളെ എന്റെ വരുന്ന തലമുറ, അല്ലെങ്കിൽ എന്റെ വീട്ടുകാർ ഏതെങ്കിലും ചപ്പുചവറിൽനിന്ന് എന്റെ മൃതദേഹം കാണാനോ?

ഈ മൃതദേഹങ്ങൾ എവിടെപോകുന്നുവെന്ന് നമുക്കറിയണം. നാളെ ഒരാൾ തന്റെ മരണശേഷം മൃതദേഹം പഠനാവശ്യത്തിനു കൊടുക്കാമെന്ന് എന്തു ധൈര്യത്തിൽ തീരുമാനിക്കും. നമ്മുടെ കുട്ടികൾക്കു മെഡിക്കൽ പഠനം പൂർത്തിയാക്കാൻ മൃതദേഹങ്ങൾ കൂടിയേ തീരൂ.