- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ; മിൽഖാ... ഈ സ്വർണം നിങ്ങൾക്കെന്ന് നീരജ് ചോപ്ര; ടാഗോറിന്റെ ഓർമദിനത്തിൽ ഒളിംപിക്സ് വേദിയിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയഗാനം; ചരിത്ര നേട്ടത്തിലൂടെ നീരജിന്റെ സ്മരണാഞ്ജലി
ടോക്യോ: ഒളിമ്പിക്‌സ് ജാവലിൻ ചരിത്രനേട്ടത്തിലൂടെ പേരിൽ കുറിച്ച സ്വർണ മെഡൽ സ്പ്രിന്റ് ഇതിഹാസം പറക്കും സിഖ് മിൽഖ സിങ്ങിന് സമർപ്പിച്ച് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. 'അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡൽ ഞാൻ അദ്ദേഹത്തിന് സമർപ്പിക്കുകയാണ്'-മെഡൽ സ്വീകരിച്ചശേഷം നീരജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'ശരിക്കും ഇത് അവിശ്വസനീയമാണ്. അത്ലറ്റിക്സിൽ ഇന്ത്യ ഒരു സ്വർണം നേടുന്നത് ആദ്യമായാണല്ലോ. അതുകൊണ്ട് തന്നെ അതിരില്ലാത്ത സന്തോഷമുണ്ടെനിക്ക്. എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂർത്തമാണ്. യോഗ്യതാ റൗണ്ടിൽ നന്നായി എറിയാൻ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിൽ കൂടുതൽ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാൽ, സ്വർണം ലഭിക്കുമെന്ന് അറിയുമായിരുന്നില്ല. എന്തായാലും അങ്ങേയറ്റം സന്തോഷവാനാണ് ഞാൻ'-നീരജ് പറഞ്ഞു.
Emotional and proud moment ???????? pic.twitter.com/f6S7a4gHbU
- Neeraj Chopra (@iamNeerajChopra) August 7, 2021
ഇന്ത്യയിലെ ഏറ്റവും മികച്ച പുരുഷ അത്ലറ്റായാണ് മിൽഖ സിങ്ങിനെ കണക്കാക്കിയിരുന്നത്. റോം അത്ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്ററിലെ നാലാം സ്ഥാനമായിരുന്നു മിൽഖയുടെ ഏറ്റവും വലിയ നേട്ടം. ആദ്യ ഇരുന്നൂറ് മിനിറ്റ് ലീഡ് ചെയ്തശേഷമാണ് മിൽഖ അവസാനം നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പട്ടുപോയത്. ഇന്ത്യൻ അത്ലറ്റി്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്.
ഇതിനുശേഷം മറ്റൊരു ഇന്ത്യൻ പുരുഷ അത്ലറ്റിന് ഒളിമ്പിക് ട്രാക്കിൽ കാര്യമായ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ രാജ്യത്തിന്റെ കാത്തിരിപ്പ് നീരജിലൂടെ സഫലമാകുമ്പോൾ രാജ്യം ആഘോഷത്തിമിർപ്പിലാണ്.
ടോക്യോ ഒളിംപിക്സ് വേദിയിൽ നീരജ് ചോപ്ര സ്വർണം എറിഞ്ഞിട്ട് പോഡിയത്തിൽ തലയുയർത്തിപ്പിടിച്ച് നിന്നപ്പോൾ വേദിയിൽ മുഴങ്ങിയ ഇന്ത്യയുടെ ദേശീയഗാനം വിഖ്യാത സാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോിനുള്ള വലിയ സ്മരണാഞ്ജലി കൂടിയായി മാറി.
#IND National Anthem at Olympic Stadium in #Tokyo2020
- Athletics Federation of India (@afiindia) August 7, 2021
Thank you @Neeraj_chopra1 #NeerajChopra pic.twitter.com/68zCrAX9Ka
ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയ വിഖ്യാത സാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോറിന്റെ ഓർമ ദിനമായിരുന്നു ശനിയാഴ്ച. 13 വർഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്. അത് ടാഗോറിന്റെ ഓർമദിനത്തിലായത് ചരിത്ര നിയോഗം.
1941 ഓഗസ്റ്റ് ഏഴിനാണ് രവീന്ദ്രനാഥ ടാഗോർ ലോകത്തോട് വിട പറഞ്ഞത്. 1861ൽ ജനിച്ച അദ്ദേഹത്തിന് അന്തരിക്കുമ്പോൾ 80 വയസ്സായിരുന്നു പ്രായം. ഇന്നേക്ക് അദ്ദേഹം വിടപറഞ്ഞിട്ട് എട്ട് പതിറ്റാണ്ട് പിന്നിട്ടു. സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരനും രവീന്ദ്രനാഥ ടാഗോറാണ്.
ഒളിംപിക്സ് അത്ലറ്റിക്സിൽ ആദ്യമായാണ് ഇന്ത്യയിലേക്ക് സ്വർണമെഡൽ വരുന്നതെന്ന പ്രത്യേകതയും നീരജ് ചോപ്രയുടെ നേട്ടത്തിനുണ്ട്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന്റെ പൂർണതയായിരുന്നു ടോക്യോയിലെ സ്വർണം. നേരത്തെ പിടി ഉഷക്കും മിൽഖാ സിങ് അടക്കമുള്ള ഇതിഹാസങ്ങൾക്ക് നേരിയ വ്യത്യാസത്തിന് നഷ്ടമായ മെഡലാണ് നീരജ് സ്വന്തമാക്കിയത്.
87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വർണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജർമൻ താരം, ലോക ഒന്നാം നമ്പർ ജൊഹന്നാസ് വെറ്റർ പാടേ നിരാശപ്പെടുത്തി.ഒളിംപിക് ചരിത്രത്തിൽ അത്‌ലറ്റിക്സിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടവുമാണിത്. ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്.
സ്പോർട്സ് ഡെസ്ക്