ടോക്യോ: ഒളിംപിക്‌സ് ജാവലിൻ സ്വർണ നേട്ടത്തോടെ അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കായി അഭിമാന താരമായി മാറിയതിന് പിന്നാലെ മെഡൽ നേട്ടത്തിന്റെ ആഹ്ലാദം പങ്കുവച്ച് നീരജ് ചോപ്ര. മികച്ച തുടക്കം ലഭിച്ചത് മത്സരത്തിലെ മുന്നേറ്റത്തിൽ നിർണായകമായി. പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നുവെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നീരജിന്റെ മെഡൽ നേട്ടം ഒരു അതുല്യ നിമിഷമെന്നാണ്് നീരജിന്റെ പരിശീലകൻ ഉവൈ ഹോൻ പ്രതികരിച്ചത്. ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് നീരജ് വിജയം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ടോക്യോയിൽ മെഡൽ പ്രതീക്ഷകൾ പുലർത്തിയിരുന്ന മിക്ക ഇനങ്ങളിലും താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ, രാജ്യത്തിന്റെ ഒന്നാകെ പ്രതീക്ഷയും സ്വപ്‌നവും ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് നീരജ് ചോപ്ര മികച്ച പ്രകടനം പുറത്തെടുത്തത്.

യോഗ്യതാ റൗണ്ടിലും ഫൈനൽ റൗണ്ടിലും തകർപ്പൻ പ്രകടനത്തോടെ തികച്ചും ഐതിഹാസികമായിട്ടാണ് നീരജ് സ്വർണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ കണ്ടെത്തിയ 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം സമ്മാനിച്ചത്. ആദ്യ ശ്രമത്തിൽ നീരജ് പിന്നിട്ട 87.03 മീറ്ററിൽത്തന്നെ 'സ്വർണ ദൂര'മുണ്ടായിരുന്നു!

ടോക്യോയിൽ ഫൈനലിൽ മത്സരിച്ച ഒരു താരത്തിന് യോഗ്യതാ റൗണ്ടിൽ മൂന്നും ഫൈനലിൽ ആറും അവസരങ്ങളാണ് ലഭിക്കുക. ആകെ ഒൻപത് അവസരങ്ങൾ. എന്നിട്ടും ഫൈനൽ ഉറപ്പിക്കാൻ നീരജിന് വേണ്ടിവന്നത് രണ്ടു ത്രോ മാത്രം. ടോക്കിയോയിലെ രണ്ടാമത്തെ മാത്രം ത്രോയിൽ നീരജ് സ്വർണ ദൂരവും കണ്ടെത്തി. മൂന്നാം ശ്രമത്തിൽ തന്റെ തന്നെ സ്വർണദൂരം ഒന്നുകൂടി മെച്ചപ്പെടുത്തി എന്നു മാത്രം.

ടോക്കിയോ ഒളിംപിക്‌സിൽ നേരിട്ട് ഫൈനലിന് യോഗ്യത നേടാൻ വേണ്ടിയിരുന്നത് 83.50 മീറ്റർ ദൂരം. ഒരാൾക്ക് മൂന്ന് അവസരം. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ ദൂരം പിന്നിട്ട് രാജകീയമായിത്തന്നെ ചോപ്ര ഫൈനലിലേക്കു മുന്നേറി. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. 86.65 മീറ്റർ ദൂരം ക്ലിയർ ചെയ്ത നേരിട്ട് ഫൈനലിന് യോഗ്യത നേടിയതോടെ തുടർന്നുള്ള രണ്ട് അവസരങ്ങൾ താരം വിനിയോഗിച്ചുമില്ല.

ജർമനിയുടെ സുവർണ പ്രതീക്ഷയായിരുന്ന ലോക ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ജോഹാനസ് വെറ്റർ മൂന്നാം ശ്രമത്തിൽ 85.64 മീറ്റർ ദൂരം കണ്ടെത്തി ഇരു ഗ്രൂപ്പുകളിലുമായി രണ്ടാം സ്ഥാനത്തായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 90 മീറ്ററിനു മുകളിൽ ദൂരത്തേക്ക് ഏഴു തവണ ജാവലിൻ പായിച്ച താരമാണ് വെറ്റർ. നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാകട്ടെ ഈ വർഷം മാർച്ചിൽ കുറിച്ച 88.07 മീറ്ററും. ഗ്രൂപ്പ് ബിയിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം 85.16 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി.

കലാശപ്പോരിലും വിസ്മയിപ്പിക്കുന്ന തുടക്കമായിരുന്നു നീരജിന്റേത്. ആദ്യ ശ്രമത്തിൽത്തന്നെ പിന്നിട്ടത് 87.03 മീറ്റർ ദൂരം! ആദ്യ റൗണ്ടിലെ മൂന്നു ശ്രമിങ്ങളിലുമായി ഈ ദൂരം മറികടന്നതും നീരജ് മാത്രം. രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് സ്വർണം ഉറപ്പിച്ചത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ മറ്റാർക്കും 86 മീറ്റർ പോലും പിന്നിടാനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ വെസ്ലി വിറ്റെസ്ലാവ് കുറിച്ച 85.44 മീറ്ററായിരുന്നു രണ്ടാമത്തെ മികച്ച ദൂരം. സത്യത്തിൽ നീരജിന്റെ ആദ്യ രണ്ടു ത്രോകൾക്കും പിന്നിൽ!

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്‌സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.

ഫൈനലിൽ മത്സരിച്ച 12 പേരിൽ ആദ്യ എട്ടു സ്ഥാനക്കാർക്ക് വീണ്ടും മൂന്ന് അവസരങ്ങൾ വീതം. ചോപ്ര ഉൾപ്പെടെ എട്ടു പേരും മൂന്നു തവണ വീതം വീണ്ടും ജാവലിൻ എറിഞ്ഞെങ്കിലും 86 മീറ്റർ പോലും പിന്നിട്ടത് ഒരേയൊരു താരമാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ്ലെഷ്. 86.67 മീറ്റർ കണ്ടെത്തിയതോടെ താരം നീരജിനു പിന്നിൽ വെള്ളി ഉറപ്പാക്കി. അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.