- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾ
ന്യൂഡൽഹി: ഇന്ത്യൻ കായിക ലോകത്ത് ഏറ്റവും പണക്കിലുക്കമുള്ള കളിയെന്ന് പറഞ്ഞാൽ അത് ക്രിക്കറ്റാണ്. ഒരു ക്രിക്കറ്റ് താരമായാൽ അയാൾക്ക് സ്വന്തമാക്കാൻ സാധിക്കാത്തത് ഒന്നുമില്ല. അന്തർദേശീയ ഫുട്ബോൾ താരങ്ങളോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും പണക്കിലുക്കവും ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ലഭിക്കും. എന്നാൽ, ഇപ്പോൾ ക്രിക്കറ്റിന് അപ്പുറത്തേക്ക് ലോകോത്തര നിലവാരമുള്ള ഒരു ഇന്ത്യൻ അത്ലറ്റ് ഉദയം കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യക്കായി ആദ്യമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ മെഡൽ നേടിയ നീരജ് ചോപ്രയാണ് ഈ താരം. ലോകത്തിന് മുന്നിൽ ഇന്ത്യൻ അഭിമാനമായി മാറിയ ജാവലിൻ ത്രോ താരം.
ടോക്യോയിൽ നിന്നും സ്വർണവുമായി പറന്നിറങ്ങുന്ന നീരജ് ചോപ്രയെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണമായിരിക്കും എന്നുറപ്പാണ്. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു അഭിനന്ദിച്ചു. പിന്നാലെ നീരജിന് സമ്മാനങ്ങളുടെ പ്രവാഹമാണ്. രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജിന് സമ്മാനം നൽകുന്നതിൽ യാതൊരു പിശുക്കും ഹരിയാന സർക്കാറും കാട്ടിയില്ല. ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപയാണ് ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. കൂടാതെ, ഗ്രേഡ്1 തസ്തികയിൽ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.
ഇതെല്ലാം ഒരു തുടക്കം മാത്രമാണ്. കേന്ദ്രസർക്കാറിന്റെ പാരിതോഷികത്തിന് പുറമേ അതല്റ്റിക് ഫെഡറേഷന്റെയും ഓരോ സംസ്ഥാനങ്ങളുടെയും വക കോടികൾ നീരജിനെ കാത്തിരിക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളും സമ്മാനങ്ങൾ കൊണ്ട് മൂടും. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികളുമാണ്. ഇതും കൂടിയാകുമ്പോൾ സഹസ്ര കോടി ക്ലബ്ബിലേക്കാണ് നീരജ് ചോപ്രയുടെ കുതിപ്പ്.
ഇന്ത്യയിലെത്തുമ്പോൾ നീരജിന് എക്സ്യുവി 700 കാർ സമ്മാനമായി നൽകുമെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അറിയിച്ചു കഴിഞ്ഞു. ഈ പാതയിൽ മറ്റു വ്യവസായികളും രംഗത്തുവരും. ക്രിക്കറ്റർമാർക്ക് പുറമേ ഒരു ഇന്ത്യൻ കായികതാരത്തെയാണ് പരസ്യ ലോകവും കാത്തിരിക്കുന്നത്. സ്പോൺസർഷിപ്പുമായി ആളുകൾ ഇനി നീരജിന്റെ പിന്നാലെ വരുമെന്ന് ഉറപ്പാണ്.
ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഹരിയാനക്കാരനാണ് നീരജ് ചോപ്ര. ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയ, വെങ്കലം നേടിയ ഭജ്രംഗ് പൂനിയ, വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിൽ ഉൾപ്പെട്ട സുമിത്, സുരേന്ദർ കുമാർ എന്നിവരാണ് ഇതിനുമുൻപ് മെഡൽ നേടിയ ഹരിയാന സ്വദേശികൾ. അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് പണം നൽകുന്നതിൽ യാതൊരു പിശുക്കും ഹരിയാന സർക്കാർ നൽകിയില്ല.
രവികുമാറിന് 4 കോടി രൂപയും ബജ്രംഗ് പൂനിയ, സുമിത്, സുരേന്ദർ എന്നിവർക്ക് 2.5 കോടി രൂപ വീതവും ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, വനിതാ ഹോക്കി ടീമിൽ അംഗങ്ങളായിരുന്ന 9 ഹരിയാനക്കാർക്ക് 50 ലക്ഷം രൂപ വീതവും ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ ഹരിയാന സ്വദേശികൾക്കും പത്തു ലക്ഷം രൂപ വീതവും സമ്മാനം നൽകി ഹരിയാന സർക്കാർ പാരിതോഷികം നൽകുന്നതിൽ തങ്ങളെ തോൽപ്പിക്കാൻ ആരുമില്ലെന്ന് തെളിയിച്ചു.
ഒളിംപിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 2008 ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ശനിയാഴ്ച നടന്ന ഫൈനലിന്റെ ആദ്യ റൗണ്ടിൽ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്.
സ്പോർട്സ് ഡെസ്ക്