കോഴിക്കോട്: യുവതാരങ്ങളുടെ വാഹന പ്രേമം എല്ലാവർക്കും അറിയുന്നതാണ്. ദുൽഖർ സൽമാനും നിവിൻ പോളിയും എല്ലാം ഇത്തരം വാഹനങ്ങളുടെ സ്വന്തക്കാരാണ്. ഇപ്പോൾ യുവതാരം നീരജ് മാധവ് കൂടെ ആ കൂട്ടത്തിൽ എത്തിയിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്യു നിരയിലെ എക്‌സ് വൺ എന്ന കറുത്ത വമ്പനെയാണ് നീരജ് സ്വന്തമാക്കിയത്.

കാത്തിരിപ്പിനൊടുൽ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിൽ ഫേസ്‌ബുക്കിലൂടെയാണ് വാഹനം സ്വന്തമാക്കിയ വിവരം അറിയിച്ചത്. കറുത്ത വേഷത്തിൽ കറുത്ത ബിഎംഡബ്ലുവിനോടൊപ്പമുള്ള ഫോട്ടോയും താരം പങ്ക് വെച്ചു. വളരെ വിദൂരമെന്ന് കരുതിയിരുന്ന ഈ കറുത്ത ചെകുത്താനെ സ്വന്തമാക്കിയെന്നും പൂജ്യത്തിൽ നിന്നും തുടങ്ങിയ തന്നെ ഇതുവരെ എത്താൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നീരജ് പറഞ്ഞു.

എക്‌സ് 1 ശ്രേണിയിലെ സ്റ്റൈലിഷ് ബ്ലാക്ക് കളർ മോഡലാണ് താരം സ്വന്തമാക്കിയത്. 32 ലക്ഷം രൂപ മുതൽ 42 ലക്ഷം വരെയാണ് ബിഎംഡബ്യു ത1 മോഡലിന്റെ കേരളത്തിലെ എക്സ്ഷോറൂം വില. മൂന്ന് വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാകുന്ന എക്സ് വണിൽ 1995 സിസി എൻജിൻ 4000 ആർപിഎമ്മിൽ 190 എച്ച്പി കരുത്തും 1750-2500 ആർപിഎമ്മിൽ 400 എൻഎം ടോർക്കുമേകും. അത്യാധുനിക സുരക്ഷാ സന്നാഹങ്ങളുള്ള വാഹനത്തിൽ മണിക്കൂറിൽ 219 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 7.8 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോ മീറ്റർ വേഗതിയിലെത്താനും സാധിക്കും.