തിഥി വേഷത്തിൽ അഭിനയം തുടങ്ങി നായക വേഷത്തിൽ എത്തി നില്ക്കുമ്പോഴാണ് നീരജ് മാധവൻ തന്റെ പ്രണയിനിയെ ജീവിതസഖിയാക്കി ഒപ്പം കൂട്ടിയത്. അധികമാരും അറിയാത്ത പ്രണയകഥയുടെ സാഫല്യം കൂടായാണ് നീരജ് -ദീപ്തി ജോഡികളുടേത്. കോഴിക്കോട്ടുകാരാണ് ദീപ്തിയും നീരജും. ഒരേ നാട്ടുകാരാണെന്ന് പരിചയം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരും വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണ് രണ്ട് പേരുടെയും വിവാഹം. എന്നാൽ പ്രണയത്തിലെത്തിയ കഥ പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിൽ നവദമ്പതികൾ.

എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നീരജ് സ്‌കൂൾ ഓഫ് ഡ്രാമയിൽ സ്റ്റുഡന്റായിരിമ്പോഴാണ് ദീപ്തിയെ പരിചയപ്പെടുന്നത്. അതും ഒരു സുഹൃത്ത് വഴി. പിന്നീട് ഇടയ്ക്കിടെ ട്രെയിൻ നമ്പർ ചോദിക്കാൻ നീരജ് ദീപ്തിയെ വിളിക്കാൻ തുടങ്ങി. ദീപ്തി വീട്ടിൽ നിന്നും വരുമ്പോൾ ഹോംലി ഫുഡും നീരജിന് കൊണ്ടു കൊടുക്കുമായിരുന്നു. അത് വാങ്ങാൻ നീരജ് തൃശൂർ റെയിൽവെ സ്റ്റേഷനിൽ വന്ന് നിൽക്കുന്നതും പതിവാക്കി.

നീരജിന്റെ വീട്ടിൽ മീൻ ഉണ്ടാക്കാത്തതിനാൽ പുറത്ത് നിന്നും കഴിക്കാൻ ഇഷ്ടമായിരുന്നു നീരജിന്. അതുകൊണ്ട് നീരജിന് ദീപ്തി വീട്ടിൽ നിന്നും ചെമ്മീൻ കൊണ്ടു കൊടുക്കുമായിരുന്നു. അങ്ങനെ ചെമ്മീനും കഴിച്ച് ഇരുവരും വർത്തമാനം പറഞ്ഞിരുന്നപ്പോൾ ദീപ്തിയുടെ ട്രെയിൻ പോയി. വർത്തമാനത്തിനിടയിൽ ട്രെയിൻ പോയത് ദീപ്തി അറിഞ്ഞില്ല. പോകുന്നില്ലേ എന്ന് നീരജ് ചോദിച്ചപ്പോഴാണ് ദീപ്തിക്ക് ബോധം വന്നത്. നീരജിന് ആദ്യമായി സ്പാർക്ക് അടിച്ചതും അന്നായിരുന്നു.

എന്നാൽ ആദ്യമായി പ്രണയം തുറന്നു പറഞ്ഞപ്പോൾ ദീപ്തി ജാഡയിട്ടിരുന്നുവെന്ന് നീരജ് മാധവ് പറയുന്നു. ആലോചിക്കണമെന്ന് ദീപ്തി മറുപടി നൽകി.നീരജിനാണെങ്കിൽ പെട്ടന്ന് ഉത്തരം അറിയണം. അതോടെ താൻ പെട്ടുവെന്നും അപ്പോ തന്നെ ഓകെ പറയുകയായിരുന്നുവെന്നും ദീപ്തി ഓർക്കുന്നു. രണ്ട് മൂന്ന് വർഷത്തിന് ശേഷം വിവാഹം എന്ന ചിന്ത ഇരുവരുടെയും മുമ്പിൽ എത്തുകയും, ഇരുവരുടെയും വീട്ടിൽ അവതരിപ്പിക്കുകയുമായിരുന്നു. അതും ആദ്യം വീട്ടിൽ അറിയിച്ചത് നീരജ് തന്നെയാണ്. ഒടുവിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഏപ്രിൽ 2നാണ് ഇരുവരും വിവാഹിതരായത്.

ദീപ്തി സോഫ്റ്റ്‌വെയർ എൻജിനീയറാണ്. തിരുവണ്ണൂർ കീഴേറ്റത്തില്ലം ഡോ.കെ.മാധവന്റെയും ലതയുടെയും മകനാണ് നീരജ്. കോഴിക്കോട് ഫ്ളോറിക്കൻ ഹിൽ റോഡ് ദീപയിൽ എം.ജനാർദ്ദനന്റെയും പത്മയുടെയും മകളാണ് ദീപ്തി. ദീപ്തി ഇൻഫോപാർക്കിൽ ടാറ്റ കൺസൽറ്റൻസിയിലാണ് ജോലി ചെയ്യുന്നത്.