കൊച്ചി: മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനും മലയാളിയുമായ അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമായ നീരാളി റിലീസിനൊരുങ്ങുന്നു. അടുത്ത മാസം നീരാളി റിലീസ് ചെയ്യാനാണ് സാധ്യത.

ഒരു ട്രാവൽ ത്രില്ലർ അഡ്വഞ്ചർ മൂവിയാണ് ഈ ചിത്രം. വജ്രബിസിനസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഹോളിവുഡ് സ്‌റ്റൈൽ മേക്കിംഗലാണ് ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ പുതുവർഷത്തിലായിരുന്നു മുംബൈയിൽ നീരാളിയുടെ ചിത്രീകരണത്തിനു തുടക്കമിട്ടത്. പിന്നീടു മംഗോളിയ, തായ്ലൻഡ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി വീണ്ടും മുംബൈയിലെത്തുകയായിരുന്നു. മുംബൈ ഫിലിംസിറ്റി, ഗുജറാത്ത് ബോർഡറിലുള്ള സത്താറ, ബാണ്ഡൂപ് എന്നിവിടങ്ങളിലും ബംഗളൂരുവിലും കേരളത്തിലുമായാണ് ചിത്രീകരണം പൂർത്തിയാകുന്നത്.

നദിയാ മൊയ്തുവാണു നായിക. പാർവതി നായർ, സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി, സന്ദീപ് നാരായണൻ എന്നിവരും പ്രധാന താരങ്ങളാണ്. മൂൺ ഷോട്ട് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.