സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളേജുകൾ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കും കല്പിത സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തിനും നീറ്റ് സ്‌കോറാണ് പരിഗണിക്കുക. അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കൽ സീറ്റിലേക്ക് പരിഗണിക്കാനും നീറ്റ് സ്‌കോർ വേണം.

കേരളത്തിലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കും നീറ്റ് സ്‌കോറാണ് പരിഗണിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ആഅടഘജ) കോഴ്സിലേക്കും ഈ സ്‌കോർ പരിഗണിക്കും.

യോഗ്യത: പ്ലസ്ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് വിഷയങ്ങളെടുത്ത് പഠിച്ചവരാവണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. അപേക്ഷകർക്ക് ആധാർ നമ്പർ ഉണ്ടായിരിക്കണം. 2018-ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം: 17-25. 2018 ഡിസംബർ 31 പ്രകാരം കണക്കാക്കും. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവുണ്ട്. ഒരാൾക്ക് മൂന്നുതവണ നീറ്റ് എഴുതാം.

അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 1400 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ. എൻ.ആർ.ഐ. അപേക്ഷകർക്ക് പാസ്പോർട്ട് നമ്പർ വേണം. അപേക്ഷാഫീസ് നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇ-വാലറ്റ് വഴിയോ മാർച്ച് 10 വരെ അടക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റ് കാണുക.