- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ ബിരുദ വിദ്യാർത്ഥികളെയും നഴ്സിങ് വിദ്യാർത്ഥികളെയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കും; നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: മെഡിക്കൽ ബിരുദ വിദ്യാർത്ഥികളെയും നഴ്സിങ് വിദ്യാർത്ഥികളെയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന് മെഡിക്കൽ വിദ്യാർത്ഥികളെ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത കേന്ദ്രസർക്കാർ പരിശോധിച്ചിരുന്നു. അവസാന വർഷ മെഡിക്കൽ ബിരുദ വിദ്യാർത്ഥികളെ ടെലി കൺസൾട്ടേഷൻ, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കൽ തുടങ്ങിയ ജോലികൾക്ക് നിയോഗിക്കും. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബിഎസ്സി, ജനറൽ നഴ്സിങ് പഠിച്ച വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിർന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിലായിരിക്കും ഇവരുടെ ജോലിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് ഡ്യൂട്ടിയിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് കോവിഡ് നാഷണൽ സർവീസ് സമ്മാൻ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവിൽ കോവിഡ് പ്രതിരോധമാർഗങ്ങൾക്ക് മെഡിക്കൽ ജീവനക്കാരുടെ ക്ഷാമം രാജ്യം നേരിടുന്നുണ്ട്. വിരമിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം തേടുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. നേരത്തെ കോവിഡ് പ്രതിരോധത്തിന് കേന്ദ്രസർക്കാർ കരസേനയുടെയും വ്യോമസേനയുടെ സേവനം തേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ