കൊച്ചി: നീതുരാജിന്റെ എല്ലാ പ്രവർത്തികളും ദുരൂഹം. ദുബായിലുള്ള ഭർത്താവിനെ എല്ലാ അർത്ഥത്തിലും പറ്റിച്ചു. കളമശ്ശേരിയിൽ വീട് എടുത്തതു വരെ ഭർത്താവായിരുന്നു. വാടക കൊടുത്തതും ഭർത്താവ്. അയൽക്കാരോട് പറഞ്ഞതും കള്ളത്തരം. പ്രവാസിയായ ഭർത്താവ് അവധി കഴിഞ്ഞെത്തിയാൽ കാമുകൻ എന്നും വരും. ഇബ്രാഹിം ബാദുഷായെ ഭർത്താവിന്റെ അനുജനാണെന്നാണ് ഏവരേയും പരിചയപ്പെടുത്തിയത്. കോട്ടയത്തെ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ അറിയുമ്പോഴാണ് പ്രണയകഥ അയൽക്കാർ അറിയുന്നത്.

കോട്ടയത്ത് കുട്ടിയെ തട്ടിയെടുത്ത സംഭവം അവിശ്വസനീയമെന്ന് പ്രതിയായ നീതുരാജിന്റെ കളമശേരിയിലെ അയൽവാസികൾ പറയുന്നു. എന്തൊക്കെയോ ദുരൂഹത നീതുരാജിനെ ചുറ്റിപ്പറ്റിയുണ്ടെന്നു അവർ നേരത്തെ തന്നെ സംശയിച്ചിരുന്നു. ഭർത്താവ് ദുബായിലാണെന്നു പറഞ്ഞിരുന്നു. ഭർത്താവിന്റെ പേരിലാണു കളമശേരി മൂലേപ്പാടത്തു വാടകവീട് എടുത്തത്. ഭർത്താവാണ് ഉടമസ്ഥന് വാടക കൊടുത്തിരുന്നതും. നീതുവിന്റെ തട്ടിപ്പൊന്നും താനറിഞ്ഞിരുന്നില്ലെന്നും, രാവിലെ തന്നെ നാട്ടിലേക്കു തിരിക്കുകയാണെന്നും ഭർത്താവ് വീട്ടുടമക്കു ഇന്നലെ രാവിലെ വാട്‌സ്ആപ് വഴി ശബ്ദസന്ദേശം അയച്ചിരുന്നു.

ഇൻഫോപാർക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ടു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലാണു ജോലിയെന്നാണ് പറഞ്ഞിരുന്നത്. അവധിക്ക് എത്തുന്ന ഭർത്താവ് മടങ്ങിപ്പോയാൽ എല്ലാ ദിവസവും ഇബ്രാഹിം ബാദുഷ ഇവിടെയുണ്ടാകാറുണ്ടെന്നും ഭർത്താവിന്റെ അനുജനെന്നാണു നീതു പറഞ്ഞിരുന്നതെന്നും മൂലേപ്പാടത്തെ അയൽവാസി പറഞ്ഞു. നീതു അയൽക്കാരുമായും അത്ര അടുപ്പം പുലർത്തിയിരുന്നില്ല. കുട്ടിയെ കളിക്കാനും പുറത്തേക്ക് വിട്ടില്ല.

മാസങ്ങൾക്കു മുൻപാണ് മൂലേപ്പാടത്തു താമസത്തിനെത്തിയത്. പലപ്പോഴും വീട്ടിൽ അപരിചിതരായ ചെറുപ്പക്കാർ വരാറുണ്ട്. വാതിൽ അടച്ചു, വലിയ ശബ്ദത്തിൽ പാട്ടു വച്ച് ആഘോഷം നടത്താറുണ്ടെന്നും ഐടി ജോലിക്കാരുടെ നേരമ്പോക്കെന്നു കരുതി ഇടപെടാറില്ലെന്നും സമീപവാസി പറഞ്ഞു. മൂന്നാം തീയതിയാണ് ഇവർ വീടുപൂട്ടി ഇവിടെ നിന്നു പോയത്.

2019 മാർച്ച് 24 മുതൽ നീതുവും കുട്ടിയും താമസിച്ചിരുന്നത് കളമശേരിയിൽ പുത്തലംകടവിനു സമീപത്തെ ഫ്‌ളാറ്റിലാണ്. ഇവിടെ അപരിചതർ വരുന്നതും, മുറിയടച്ച് ഉച്ചത്തിൽ പാട്ടു വയ്ക്കുകയും പതിവായതോടെ ഫ്‌ളാറ്റിലെ മറ്റു താമസക്കാർ ഇതു ചോദ്യം ചെയ്തു. പിന്നീട് സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതോടെ 2020 ഡിസംബറിൽ നീതുരാജ് ഇവിടം വിട്ടു പോയി. തുടർന്നാണു മൂലേപ്പാടത്ത് വാടകയ്ക്ക് എത്തിയത്.

നീതുരാജ്, കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയൽ വാസികളോട് പറഞ്ഞിരുന്ന നുണ ക്രൈംബ്രാഞ്ചിൽ പൊലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു. ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായതോടെ സമീപവാസികൾ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരോടു പരാതിപ്പെടുകയും പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്തു. അതോടെ നീതു ഫ്‌ളാറ്റ് ഒഴിയുകയുമായിരുന്നു.

പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോൾ പറഞ്ഞ നുണ ഭർത്താവ് വിദേശത്താണ് എന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നു. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇബ്രാഹിം ബാദുഷയാണ് നീതുവിനൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.