കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് സുന്ദരി നേഹ ധൂപിയ വിവാഹം കഴിച്ചത്. മെയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകൻ അംഗദും വിവാഹിതരാവുകയായിരുന്നു. നേഹ ഗർഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്ന വാർത്തകൾ അന്ന് വന്നിരുന്നെങ്കിലും കുടുംബം അത് തള്ളി.

പക്ഷേയിപ്പോൾ ഇത് സത്യമാണെന്ന് തെളിഞ്ഞു. നിറവയറുമായി റാംപിലെത്തിയാണ് താൻ ആറുമാസം ഗർഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗർഭം മറച്ചുവെയ്ക്കാൻ കാരണവും നേഹ തന്നെ വ്യക്തമാക്കി. ഗർഭിണിയാണെന്ന വാർത്ത മറച്ചു വച്ചതിനു പിന്നിൽ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അക്കാര്യം തുറന്നു പറഞ്ഞത്. ഗർഭിണിയാണെന്ന വാർത്ത പുറത്തറിഞ്ഞാൽ സിനിമയിൽ തന്റെ അവസരങ്ങൾ കുറയുമോയെന്ന് താൻ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയർ പ്രകടമാകുന്നതുവരെ ആ വാർത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു.

വലുപ്പംവച്ചു വരുന്ന വയർ വസ്ത്രങ്ങൾ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗർഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഇനി സിനിമകളിൽ അഭിനയിക്കുന്നതിന് താൻ അർഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.