ആലപ്പുഴ: 65ാമതു നെഹ്രു ട്രോഫി ജലോത്സവത്തിൽ പുതിയ കിരീടാവകാശി. വമ്പൻ ചൂണ്ടന്മാരെ വീഴ്‌ത്തി ജലരാജാവായി മാറിയത് ഗബ്രിയേൽ ചുണ്ടനാണ്. തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയിച്ചു കയറിയത്. തർക്കങ്ങൾ മൂലം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ജലോത്സവം.

യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാംപ്യന്മാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി തുഴയെറിഞ്ഞത്.

അടിമുടി പിഴവുകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ നെഹ്രു ട്രോഫി സംഘാടനം. ഫൗൾ സ്റ്റാർട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മൽസരം നാലു തവണ മുടങ്ങിയിരുന്നു. ഇതു ചില തർക്കങ്ങൾക്കും വഴിവച്ചു. ഇതോടെ ഫൈനൽ മൽസരം ഏറെ വൈകിയാണ് നടന്നത്. ഫൈനൽ മൽസരം വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്‌സുകളിലായി മൽസരിച്ച 20 ചുണ്ടൻ വള്ളങ്ങളിൽനിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ചാണ്ടി, ജി.സുധാകരൻ, തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു. മൽസര വിഭാഗത്തിലെ 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങൾ മാറ്റുരയ്ക്കാൻ ഇറങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുൾപ്പെടെ മുപ്പതിനായിരത്തോളം പേർ നേരിട്ടും വിദേശികൾ ജലോത്സവം കാണാനെത്തി.