- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ അതിരുകടന്നെന്നും അശാസ്ത്രീയവും; ജീവിതം വഴിമുട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ ഉപവാസ സമരം; നെല്ലിക്കുഴിയിൽ പ്രതിഷേധിക്കുന്നത് മുൻ പഞ്ചായത്തംഗം കൂടിയായ ഇരുമലപ്പടിയിലെ പി എം എ സൂപ്പർ മാർക്കറ്റ് ഉടമ അലി പടിഞ്ഞാറെച്ചാലി
കോതമംഗലം; പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ അതിരുകടന്നെന്നും അശാസ്ത്രീയവും രാജ്യത്തൊരിടത്തും ഇതുവരെ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങളാണ് അധികൃതർ അടിച്ചേൽപ്പിക്കുന്നതെന്നും ഇതുമൂലം ജീവിതം വഴിമുട്ടിയെന്നും ആരോപിച്ച് മുൻ പഞ്ചായത്തംഗവും കോൺഗ്രസ്സ് നേതാവുമായ വ്യാപാരി തന്റെ സ്ഥാപനത്തിന് മുന്നിൽ നിരാഹാരസമരം നടത്തുന്നു.
ഇരുമലപ്പടിയിലെ പി എം എ സൂപ്പർ മാർക്കറ്റ് ഉടമ അലി പടിഞ്ഞാറെച്ചാലിയാണ് നെല്ലിക്കുഴി പഞ്ചായത്തിന്റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഇന്ന് ഏകദിന ഉപവാസ സമരം നടത്തുന്നത്. നെല്ലിക്കുഴിലെ വ്യാപാരികളോടുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ ക്രൂരത അവസാനിപ്പിക്കുക,കേരളത്തിലെമ്പാടുമുള്ള കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നും വിത്യസ്തമായ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് വ്യാപാരികളെ ദുരിതത്തിലാക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി അവസാനിപ്പിക്കുക,കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് എങ്ങും നടപ്പിലാക്കാത്ത,യാതൊരു നിയമസാധ്യതയും ഇല്ലാത്ത ഞായറാഴ്ചകളിലെ സമ്പുർണ്ണ ലോക്ക് ഡൗൺ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അലി തന്റെ വ്യാപാരസ്ഥാപനത്തിന് മുന്നിൽ ഉപവസിക്കുന്നത്.അധികാരികളുടെ ഭാഗത്തു നിന്നും ഉചിതമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരരീതി കടുപ്പിക്കുമെന്നും അലി അറിയിച്ചിട്ടുണ്ട്്.
പത്ത് ലക്ഷം രൂപ നെല്ലിക്കുഴിയിലെ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്ത് ആരംഭിച്ച തന്റെ സ്ഥാപനം കോവിഡ്- 19 കേരളത്തിൽ റിപ്പോർട്ട് ചെയ്ത നാൾ മുതൽ കേന്ദ്ര സർക്കാരിന്റെയും തുടർന്ന് സംസ്ഥാന സർക്കാരിന്റെയും പ്രതിരോധ നിയന്ത്രണങ്ങളുടെ പേരിൽ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ 5 മാസത്തോളമായി അനുഭവിച്ചുവരുന്ന കടുത്ത പ്രതിസന്ധികൾക്ക് പുറമെയാണ് നെല്ലിക്കുഴിപഞ്ചായത്ത് ഭരണ സമിതിയുടെ അശാസ്ത്രിയമായ ലോക്ക്ഡൗൺ -കണ്ടെയ്ന്മെന്റ്സോൺ പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്.
ഇതുകൂടിയായതോടെ പിടിച്ചുനിൽക്കാൻ പറ്റാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധ സമരമുറയുമായി രംഗത്തിറങ്ങാൻ തിരുമാനിച്ചതെന്ന് അലി വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.