- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളികൾ എത്തിയത് ജനലഴി ഊരിമാറ്റി; പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സംശയിച്ചു പൊലീസ്; കൃത്യം നടത്തിയത് ഇടം കൈയനാണോ എന്നും സംശയം; നെല്ലിയമ്പത്തെ ഇരട്ടക്കൊലയിൽ പഴുതടച്ചുള്ള അന്വേഷണം; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രദേശത്തെ സിസി ടിവി ദ്യശ്യങ്ങളും പരിശോധിക്കുന്നു
പനമരം: മുഖംമൂടി സംഘത്തിന്റെ ആക്രമത്തിൽ വയോധികരായ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പ്രതികൾ ആരെന്ന നിഗമനത്തിലേക്ക് എത്താനും അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. താഴെ നെല്ലിയമ്പം റിട്ട. അദ്ധ്യാപകനായ പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ് മുഖംമൂടി ധാരികളുടെ കുത്തേറ്റു കൊല്ലപ്പെട്ടത്. മാനന്തവാടി ഡിവൈഎസ്‌പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്തോളം ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ശാസ്ത്രീയ തെളിവുകൾ അടക്കം തേടിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിൽ ഒരു ടീമായ മീനങ്ങാടി എസ്‌ഐ ടി. ബിജുവിന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീടും പരിസരവും കൃഷിയിടവും കുളങ്ങളും, വയലുകളും പുഴകളും ഒന്നര കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളും തെളിവിനായി അരിച്ചുപെറുക്കി. എന്നാൽ പ്രതികൾ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണ് കടന്നതെന്നാണു സൂചന. വീടുകൾ കയറിയും മൊബൈൽ ടവറും സിസിടിവിദ്യശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടന്നു വരുന്നു.
കൊല നടന്ന സമയത്ത് പ്രദേശത്ത് ആക്ടീവായ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം. സംശയമുള്ള പലരെയും പൊലീസ് ഇന്നലെയും ചോദ്യം ചെയ്തു. ഇന്നലെ ചില ബന്ധുക്കളെ വിളിച്ചും പൊലീസ് കാര്യങ്ങൾ തിരക്കിയിരുന്നു. ഇരട്ടക്കൊല ആസൂത്രിതമാണെന്നും കൊല നടത്തിയവർ പ്രഫഷനൽ സംഘം ആണെന്ന സംശയവും ഏറി.
വീട്ടിൽ നിന്ന് വസ്തുവകകൾ നഷ്ടപ്പെടാത്തതിനാൽ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്കു നീങ്ങിയിരുന്നു. വലിയ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയാണു പ്രതികൾ കൃത്യത്തിനു ശേഷം കടന്നതെന്നാണു സൂചന. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും കരുതപ്പെടുന്നു. കൊലയാളികൾക്ക് വീടും ആളുകളും മാറിപ്പോയതാവാമെന്ന സാധ്യതയും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്.
കൊലപാതകികൾ അകത്ത് കടന്നത് വീടിന്റെ ജനലിന്റെ അഴി ഊരി മാറ്റിയ ശേഷമെന്നു കരുതുന്നതായി അന്വേഷണസംഘം. വീടിന് പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികൾ എടുത്തു മാറ്റിയ നിലയിലാണ്. ഇതിലൂടെയാകാം പ്രതികൾ അകത്തു കടന്നതെന്നാണു നിഗമനം. കൃത്യം നടത്തിയത് ഇടം കൈയനാണോ എന്ന സംശയവും പൊലീസിനുണ്ട്. 2 പേർക്കും കുത്തു കിട്ടിയത് വച്ച് നോക്കുമ്പോൾ ഇടം കൈയനാകാനാണ് എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഒട്ടേറെ കൊലക്കേസുകൾ തെളിയിച്ച കാസർകോട് ഡിവൈഎസ്‌പി .പി.പി സദാനന്ദനും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് മാനന്തവാടി ഡിവൈ.എസ്‌പി എ.പി. ചന്ദ്രനാണ് നേതൃത്വം നൽകുന്നത്. സംഘത്തിൽ നിരവധി കൊലപാതക കേസുകൾ തെളിയിച്ച, നിലവിൽ കാസർകോട് ഡിവൈ.എസ്‌പിയായ പി.പി. സദാനന്ദൻ ഉൾപ്പെടെയുള്ളവരുടെ സേവനം തേടിയിട്ടുണ്ട്. കൂടാതെ, ബത്തേരി ഡിവൈ.എസ്‌പി വി.വി.ബെന്നി, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി പ്രകാശ് പടന്നയിൽ ഉൾപ്പെടെയുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്.
കവർച്ചാശ്രമത്തിന്റെ ഭാഗമായുള്ള കൊലപാതകമാണെന്നും ആയുധം ഉപയോഗിച്ച് ശീലമുള്ളവരാണ് കൊലക്കു പിന്നിലെന്നുമാണ് പൊലീസ് അനുമാനം. അന്വേഷണ ഭാഗമായി അടുത്ത ബന്ധുക്കളെയും നിരീക്ഷിക്കുന്നതായാണ് സൂചന. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കും.