- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാകുമാരിയിൽ നിന്ന് പനമരത്ത് എത്തിയത് 20 കൊല്ലം മുമ്പ്; ഷെയർ ചെയ്ത് വാങ്ങിയ മദ്യം ഉറ്റ സുഹൃത്ത് കൂടുതൽ കുടിച്ചത് പ്രകോപനമായി; വാക്കു തർക്കത്തിനിടെ കൊല; കോണിപ്പടിയിൽ നിന്ന് മൃതദേഹം തള്ളിയിട്ട് സ്വാഭാവിക മരണമാക്കി; കഴുത്തിലെ തെളിവ് നെൽസണെ കുടുക്കി
കൽപറ്റ: വയനാട് പനമരം നെല്ലറാട്ട് കവലയിൽ പോളിടെക്നിക്കിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ കോണിപ്പടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നീരട്ടാടി മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ ബാബവിന്റേതുകൊലപാതകമെന്ന് തെളിഞ്ഞു.
ബാബുവിന്റെ സുഹൃത്തും കന്യാകുമാരി തെക്കേമണ്ഡപം സ്വദേശിയുമായ നെൽസണാണ് കൊലപാതകം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. നെൽസണെ പനമരം പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പങ്കിട്ടുവാങ്ങിയ മദ്യത്തിൽ നിന്നും ബാബു അധികം കുടിച്ചു എന്ന കാരണത്തിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നെൽസൺ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
കന്യാകുമാരിയിൽ നിന്നും വന്ന് വയനാട്ടിൽ ജോലി ചെയ്ത് ജീവിക്കുന്നയാളാണ് നെൽസൺ. കൊല്ലപ്പെട്ട ബാബുവുമായി 20 വർഷത്തിലേറെ പരിചയമുണ്ട്. കൊല നടന്ന ദിവസം ഇരുവരും നെൽസൺ താമസിക്കുന്ന നെല്ലറാട്ട് കവലയിലെ ഒറ്റമുറി ലോഡ്ജിൽ ഇരുന്ന് മദ്യപിച്ചിരുന്നു. നേരത്തെയും ഇരുവരും ഈ മുറിയിൽ വെച്ച് മദ്യപിച്ചിട്ടുണ്ട്. രണ്ട് പേരും പങ്കിട്ടാണ് മദ്യം വാങ്ങാറുള്ളതും കുടിക്കാറുള്ളതും. കൊലപാതകം നടന്ന ദിവസവും ഇരുവരും പണം പങ്കിട്ടാണ് മദ്യം വാങ്ങിയത്.
നെൽസൺ എന്തോ ആവശ്യത്തിനായി പുറത്ത് പോയി വന്നപ്പോഴേക്കും ബാബു മദ്യത്തിൽ നിന്നും അധികം കുടിച്ചു എന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കുതർക്കമായി. വാക്കുതർക്കം കൈയേറ്റത്തിലെത്തുകയും കൈയേറ്റം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ബാബു മരിച്ചെന്ന് ഉറപ്പാക്കിയ നെൽസൺ മൃതദേഹം നെല്ലറക്കാട് കവലയിലെ ഒറ്റമുറി ലോഡ്ജിന്റെ കോണിപ്പടിയിൽ നിന്നും താഴേക്ക് തള്ളിയിടുകയും ചെയ്തു. പിന്നീട് ബാബു ലോഡ്ജിന്റെ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചുവെന്ന് നെൽസൺ പുറത്തിറങ്ങി നാട്ടുകാരോട് പറയുകയും ചെയ്തു.
നെൽസണിന്റെ മൊഴി പ്രകാരമാണ് പൊലീസ് അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തത്. പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ അടിയേറ്റതിന്റെയും ബലപ്രയോഗം നടന്നതിന്റെയും തെളിവുകൾ ലഭിച്ചതോടെ പൊലീസ് നെൽസണെ നിരീക്ഷിച്ചുവരികയായിരുന്നു.
കഴുത്തിലേറ്റ അടിയാണ് മരണകാരണമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പനമരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ നെൽസൺ കുറ്റം സമ്മതിക്കുകയും ചെയ്തു.