തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഗേറ്റ് വേയാണ് നേമെന്ന് അവർ പറയുന്നു. കേരളത്തിലെ ഗുജറാത്താണ് നേമം എന്ന് പറഞ്ഞാണ് കുമ്മനം രാജശേഖരൻ മത്സരത്തിനും എത്തിയത്. എന്നാൽ നേമത്ത് അതിശക്തമായ പോരാട്ട ചൂടാണ്. ആരു ജയിക്കുമെന്ന് ആർക്കും അറിയില്ല. ഇതിനിടെയാണ് റോഡ് ഷോയിലൂടെ കളം പിടിക്കാൻ പ്രിയങ്കാ ഗാന്ധി നേമത്ത് എത്തുന്നത്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി റോഡ് ഷോ നടത്താൻ പ്രിയങ്ക ഗാന്ധി മറ്റന്നാൾ വീണ്ടും തിരുവനന്തപുരത്തെത്തും. കന്യാകുമാരിയിലെ പ്രചാരണത്തിനു ശേഷമാകുമിത്.

ചൊവ്വാഴ്ച തലസ്ഥാനത്തു പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്കു നേമം മണ്ഡലത്തിൽ നിശ്ചയിച്ച റോഡ് ഷോയിൽ പങ്കെടുക്കാനായിരുന്നില്ല. തിരക്കായിരുന്നു പ്രധാന കാരണം. സമയക്കുറവും പൊലീസിന്റെ എതിർപ്പുമാണു കാരണമായി ജില്ലാ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന വലിയ ദൗത്യം ഏൽപിച്ചിട്ട് റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതിൽ നേമത്തെ സ്ഥാനാർത്ഥി കെ.മുരളീധരൻ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് പ്രിയങ്ക വീണ്ടും നേമത്ത് എത്തുന്നത്. ഇതോടെ നേമത്ത് വ്യക്തമായ മുൻതൂക്കം കിട്ടുമെന്ന് കെ മുരളീധരനും കരുതുന്നു.

2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒ രാജ?ഗോപാലിലൂടെ നേടിയ വിജയത്തിൽ ബിജെപി നടന്നു കയറി. തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. ഇരുമുന്നണികളും പലപ്പോഴായി ഭരിച്ച നേമത്ത് ആർക്കും മേൽക്കൈ അവകാശപ്പെടാൻ സാധിക്കില്ല. 1982 ൽ ലീഡർ കെ കരുണാകരൻ മാളക്കൊപ്പം നേമത്തും മത്സരിച്ച് ജയിച്ചതോടെയാണ് നേമം മണ്ഡലം രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. പി ഫക്കീർഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടർന്ന് കരുണാകരൻ നേമം മണ്ഡലത്തിൽ നിന്നും രാജിവച്ചു. അതിന് ശേഷം ദേശീയ രാഷ്ട്രയ ശ്രദ്ധയിൽ വീണ്ടും നേമം എത്തുന്നു. കരുണാകരന്റെ മകൻ മുരളീധരന്റെ മത്സര സാന്നിധ്യമാണ് നേമത്തെ ശ്രദ്ധേയമാക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി മറ്റു സ്ഥാനാർത്ഥികൾക്ക് മുൻപ് തന്നെ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 2011ൽ നേമത്ത് നിന്ന് വിജയിച്ച സ്ഥാനാർത്ഥികൂടിയാണ് ശിവൻകുട്ടി. 2016ൽ ഒ രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ മുതിർന്ന പാർട്ടി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർത്ഥി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചും കുമ്മനമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 47.46 ശതമാനം നേടിയാണ് രാജഗോപാൽ വിജയിച്ചത്. അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിന്റെ വി ശിവൻകുട്ടിക്ക് 41.39 ശതമാനം വോട്ടുകൾ ലഭിച്ചു. യുഡിഎഫിൽ ചെറിയ പാർട്ടിയായ ജനതാദൾ (യു) ആണ് അന്ന് മത്സരിച്ചത്. ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ളയ്ക്ക് 9.7ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ നേമത്തെ മൂന്ന് വർഷം മുമ്പുള്ള ബിജെപിയുടെ പ്രകടനം താൽക്കാലിക പ്രതിഭാസമല്ലെന്ന് കാണാൻ കഴിയും. കോൺഗ്രസ് നേതാവ് ശശി തരൂരാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് വിജയിച്ചത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിൽ തരൂരിനെതിരെ 12,041 വോട്ടുകൾ ലീഡായിരുന്നു ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നേടിയത്. കുമ്മനത്തിന് 58,513 വോട്ടും തരൂരിന് 46,472 വോട്ടും ലഭിച്ചു. എൽഡിഎഫിന് ലഭിച്ചത് 33,921 വോട്ടുകൾ മാത്രമാണ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷനിൽ നേമം നിയോജകമണ്ഡലത്തിൽ വരുന്ന 23 ഡിവിഷനുകളിൽ 14 ഇടത്ത് ബിജെപിയാണ് വിജയം നേടിയത്. ബാക്കി ഒമ്പത് ഇടത്ത് എൽഡിഎഫും വിജയിച്ചു.

1.92 ലക്ഷത്തിലധികം വോട്ടർമാരുണ്ട് നേമം മണ്ഡലത്തിൽ. അവരിൽ ഭൂരിഭാഗവും സവർണ ഹിന്ദുക്കളാണ്. നിയോജകമണ്ഡലത്തിൽ 30,000-ഓളം മുസ്ലിം വോട്ടുകളും അത്രത്തോളം തന്നെ നാടാർ വോട്ടുകളുമുണ്ട്. സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും നായർ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് നിർത്തിയിട്ടുള്ളത്. നായർ സമുദായത്തിൽ നിന്നും അതിന് പുറമെ മുസ്ലിം നാടാർ സമുദായങ്ങളിൽ നിന്നുമുള്ള വോട്ടുകൾ മുരളീധരന് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അങ്ങനെ ജയിക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ പരിവാർ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകില്ലെന്നും അതിശക്തമായ മുന്നേറ്റം കുമ്മനം ഉണ്ടാക്കുമെന്ന് ബിജെപിയും പറയുന്നു. ശിവൻകുട്ടിയും പ്രതീക്ഷയിൽ. ഇതിനിടെയാണ് നേമത്തേക്ക് പ്രിയങ്ക എത്തുന്നത്. ഇതോടെ എല്ലാം തനിക്ക് അനുകൂലമാകുമെന്ന് മുരളിയും കരുതുന്നു. ബിജെപിയുടെ ഏക സീറ്റായ നേമത്ത് റോഡ് ഷോ നടന്നില്ലെങ്കിൽ മറ്റു പല വ്യാഖ്യാനങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് മുരളി പറയുന്നു. നെഹ്‌റു കുടുംബത്തിലെ ഒരംഗം പ്രചാരണത്തിനെത്തുന്നതിലും വലുതായി ഒന്നുമില്ലെന്നാണ് കെഎമ്മിന്റെ നിലപാട്.

ആറ്റുകാൽ ക്ഷേത്രത്തിൽ പ്രിയങ്കയ്‌ക്കൊപ്പം മുരളീധരൻ എത്തിയെങ്കിലും വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. ഇന്നലെ രാവിലെ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ കാണാനെത്തിയപ്പോഴാണ് റോഡ് ഷോയ്ക്കായി നേമത്തു വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചത്. സന്ദർശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിനോടും താൻ പ്രചാരണത്തിനെത്തുമെന്നു പ്രിയങ്ക അറിയിച്ചു. കന്യാകുമാരിയിൽനിന്നു റോഡ് മാർഗമാണു പ്രിയങ്ക തിരുവനന്തപുരത്തേക്ക് എത്തുന്നതെങ്കിൽ നെയ്യാറ്റിൻകരയിലും അൽപസമയം ചെലവഴിക്കാൻ ആലോചിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി ഇന്നു വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിൽ റോഡ് ഷോയിലും കൽപറ്റയിൽ പൊതുസമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും മലപ്പുറത്തെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.