- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസ്റ്റീജ് മണ്ഡലത്തിൽ ഇനി ചില്ലറ കളിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നേമം നിലനിർത്താൻ രാജഗോപാലിന് പകരം ബിജെപി ഇറക്കുക കുമ്മനത്തെ; നിയമസഭാതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങാൻ കെ.സുരേന്ദ്രനും?
തിരുവനന്തപുരം: നേമം മണ്ഡലം നിലനിർത്തുക ബിജെപിക്ക് പ്രസ്റ്റീജ് പ്രശ്നമാണ്. ഈ മണ്ഡലം മാത്രമല്ല, പാർട്ടി ലക്ഷ്യമിടുന്നതെങ്കിലും, കഴിഞ്ഞ തവണ ഒ.രാജഗോപാലിനെ നിർത്തി പിടിച്ചെടുത്ത മണ്ഡലം കൈവിട്ടുപോകാതിരിക്കാൻ ജാഗ്രത ഏറെ വേണം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ, മുന്നണികൾ അരയും തലയും മുറുക്കി മത്സരത്തിന് ഇറങ്ങുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്നാണ് ആർഎസ്എസിന്റെ താൽപര്യം. കൃഷ്ണദാസ് പക്ഷത്തിന് ഒപ്പം നിൽക്കുന്ന കുമ്മനത്തെ മത്സരിപ്പിക്കുന്നതിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂട്ടർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ജയസാധ്യത തന്നെ മുഖ്യം. 91 വയസായ രാജഗോപാൽ ഇനി മത്സരിക്കാൻ സാധതയില്ലാത്ത സാഹചര്യത്തിലാണ് കുമ്മനത്തിന് നറുക്ക് വീണത്.
മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കുമ്മനം മണ്ഡലത്തിൽ വീട് വാടകയ്ക്കെടുത്തു. പാർട്ടിക്കതീതമായ വോട്ടുകൾ കൂടിയാണ് നേമത്ത് ഒ.രാജഗോപാലിനെ ജയത്തിലേക്ക് നയിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മറ്റും ഇടപെട്ട് ജനകീയനായ കുമ്മനത്തിന് ആ നേട്ടം ആവർത്തിക്കാൻ കഴിയുമെന്നാണ് ആർഎസ്എസിന്റെ ഉറച്ച വിശ്വാസം. സംഘടനാ സംവിധാനം ഒന്നടങ്കം ഉണർന്ന് പ്രവർത്തിച്ചാൽ നേമം സീറ്റ് ബിജെപിക്ക് തന്നെയെന്ന് നേതാക്കളും ശരിവയ്ക്കുന്നു. 2011 ൽ നേമത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജഗോപാൽ 2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അതേസമയം, രാജഗോപാൽ മണ്ഡലത്തിൽ വേണ്ടത്ര വികസന പദ്ധതികൾ കൊണ്ടുവന്നില്ലെന്ന പരാതികൾ പാർട്ടിക്കകത്തും പുറത്തും ഉയരുന്നുണ്ട്. കുമ്മനത്തെ മത്സരിപ്പിച്ചാൽ, ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്നും കണക്കൂകൂട്ടലുണ്ട്. ആർഎസ്എസിന് നിർണായക സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം കൂടി കണക്കിലെടുത്താണ് കുമ്മനത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ 2018ൽ മിസോറാം ഗവർണറാക്കിയിരുന്നു. ഒരുവർഷത്തിന് ശേഷം സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയായിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തുപരം മണ്ഡലത്തിൽ നിന്നും ജനവിധി തേടി. ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കുമ്മനം ആണ് സ്ഥാനാർത്ഥിയെങ്കിൽ വോട്ടുചോർച്ചയുണ്ടാവില്ലെന്നും കണക്കുകൂട്ടുന്നു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകണമെന്ന നിർദ്ദേശവും ആർഎസ്എസ് മുന്നോട്ട് വച്ചതായാണ് സൂചന. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ മത്സരിക്കാനാണ് ആലോചന. ഏതായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കും.
2001 ൽ നടന്ന തിരഞ്ഞടുപ്പിൽ എൻ ശക്തനിലൂടെ നേമം മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു. 2006ലും മണ്ഡലം ശക്തനിലൂടെ നിലനിർത്തി. 2011ൽ വീണ്ടും സിപിഎമ്മിനുവേണ്ടി ശിവൻകുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 6415 വോട്ടുകൾക്കായിരുന്നു വി ശിവൻകുട്ടി വിജയിച്ചത്.
അതേസമയം കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ആ തിരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി.ശിവൻകുട്ടി 50076 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ബിജെപിയിലെ ഒ രാജഗോപാൽ 43661 വോട്ടുകളാണ് പിടിച്ചെടുത്തത്. 2011 ലെ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു 2016 ൽ രാജഗോപാലിനെ വീണ്ടും ബിജെപി രംഗത്തിറക്കിയത്. സിപിഎമ്മിന് വേണ്ടി ശിവൻകുട്ടിയും.എന്നാൽ നേമം പിടിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ശിവൻകുട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. നേമത്ത് രാജഗോപാൽ 67813 വോട്ടായിരുന്നു നേടിയത്.
മറുനാടന് മലയാളി ബ്യൂറോ