- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; കുട്ടികളും കുടുംബവുമാണോ അതോ പാർട്ടിയും രാഷ്ട്രീയവുമാണോ വലുതെന്നും മർദ്ദിച്ചവർ ചോദിച്ചതായി നെന്മാറ പഞ്ചായത്ത് അംഗം സുനിത
പാലക്കാട്; വനിത പഞ്ചായത്ത് അംഗത്തെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ നെന്മാറ പഞ്ചായത്ത് അംഗം യുഡിഎഫിലെ സുനിത സുകുമാരനെയാണ് ഇന്നലെ രാത്രി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഇറക്കിവിട്ടത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ശത്രുക്കൾ ആണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സുനിതയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലേക്ക് വരുന്നതിനിടെ വീടിനോട് ചേർന്ന് കാർ നിർത്തിയ സംഘം കാറിലേക്ക് പിടിച്ചുകറ്റി കൊണ്ടുപോകുകയായിരുന്നു. ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തെന്ന് സുനിത പരാതിയിൽ പറയുന്നു. കുട്ടികളും കുടുംബവും ജീവിതവുമാണോ അതോ പാർട്ടിയും രാഷ്ട്രീയവും അധികാരവുമാണോ വലുതെന്നും അക്രമികൾ ചോദിച്ചതായി സുനിത പറയുന്നു.
മറുപടിയായി കുടുംബവും കുട്ടികളും മതിയെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറാമെന്നും അറിയിച്ചതോടെ വഴിയിൽ ഇറക്കിവിടുകയായിരുന്നു എന്നും സുനിത പറയുന്നു. പരിക്കേറ്റ സുനിതയെ നെന്മാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസിസി അദ്ധ്യക്ഷൻ വികെ ശ്രീകണ്ഡൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. നെന്മാറ പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് സുനിത. നറുക്കെടുപ്പിലൂടെയാണ് ഇത്തവണ നെന്മാറ പഞ്ചായത്തിൽ യുഡിഎഫിന് അധികാരം ലഭിച്ചത്.
അതു കൊണ്ട് തന്നെ സുനിത പിന്മാറുകയോ മെമ്പർ സ്ഥാനം രാജിവെക്കുകയോ ചെയ്താൽ അധികാരം ഇടതുപക്ഷത്തിന് ലഭിക്കും. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് കോൺഗ്രസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. സുനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സുനിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.