- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെന്മാറ സംഭവം: കാണായപ്പോൾ സജിതയ്ക്ക് 18 വയസെന്ന് പൊലീസ് റിപ്പോർട്ട്; റഹ്മാന്റെ വീട്ടുകാർ പറഞ്ഞതിൽ ദുരൂഹത; അവിശ്വസനീയമായ കാര്യങ്ങൾ ഉണ്ട്; അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷൻ
പാലക്കാട്: നെന്മാറയിൽ സ്ത്രീയെ പത്ത് വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ അന്വേഷണ ഏജൻസികളുടെ തുടർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. സംഭവത്തിൽ റഹ്മാന്റെ വീട്ടുകാർ പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നും അവിശ്വസനീയമായ കാര്യങ്ങൾ ഉണ്ടെന്ന് കരുതുന്നതായും തെളിവെടുപ്പിനുശേഷം കമ്മിഷൻ അധ്യക്ഷ വിലയിരുത്തി.
തേനും പാലും നൽകിയാലും ബന്ധനം ബന്ധനം തന്നെയാണെന്നും ഇരുവരും പ്രതിസന്ധികളെ തരണം ചെയ്തു നിയമമനുസരിച്ചുള്ള ജിവിതം തെരഞ്ഞെടുക്കണമായിരുന്നുവെന്നും അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.അധ്യക്ഷയ്ക്ക് പുറമേ പാലക്കാട് ജില്ലയുടെ ചുമതലയുള്ള അംഗം അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരും തെളിവെടുപ്പിനെത്തിയിരുന്നു. കമ്മിഷൻ വിത്തനശ്ശേരിയിലെത്തി സജിതയെയും റഹ്മാനെയും തെളിവെടുത്തു. തുടർന്ന് അയിലൂരിലെത്തി ഇരുവരുടെയും മാതാപിതാക്കളുടെയും തെളിവെടുത്തു.
വനിതാ കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് നെന്മാറ പൊലീസിന്റെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. 2010 ഫെബ്രുവരി രണ്ടിന് സജിതയെ കാണാതായതിനു ശേഷം തങ്ങൾ ആരും തന്നെ സജിതയെ അവരുടെ വീട്ടിലോ റഹ്മാന്റെ വീട്ടിലോ കണ്ടിട്ടില്ല എന്നും റഹ്മാൻ അയാളുടെ വീട്ടിൽ തന്നെയാണ് ഇത്രയും കാലം താമസിച്ചിരുന്നതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
കാണാതായ 2010 ഫെബ്രുവരി രണ്ടിന് വൈകുന്നേരം 5.30 സമയത്ത് സജിതയ്ക്ക് 18 വയസ്സ് പ്രായമുണ്ടായിരുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരികയാണ്. നിലവിൽ സമൂഹത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും പിന്തുണയാണ് അവർക്കാവശ്യം. അവർ സാധാരണനിലയിൽ എത്തുകയെന്നതാണ് ഇപ്പോഴത്തേ പ്രാഥമിക ആവശ്യം. അക്കാര്യത്തിൽ കമ്മിഷനും അവർക്കൊപ്പമാണ്.
മറുനാടന് മലയാളി ബ്യൂറോ