- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്ത് ഉൾക്കൊള്ളാനാകാതെ ബസിന് മുകളിലും ആളെ ഇരുത്തി യാത്ര; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നടപടിക്കൊരുങ്ങി എം വി ഡി; ഡ്രൈവറുടെ ലൈസൻസ് പോയേക്കും; സംഭവം പാലക്കാട് നെന്മാറ-വല്ലങ്ങി വേല കണ്ട് മടങ്ങുന്നതിനിടെ
തിരുവനന്തപുരം: ബസിന് മുകളിൽ യാത്രക്കാരുമായി പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ബസിന് മുകളിൽ യാത്രക്കാരുമായി പോയത് അപകടകരമായ രീതിയാണെന്നും ഗുരുതര വീഴ്ചയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് ജീവനക്കാർക്കെതിരേ നടപടി എടുക്കുന്നത്.
രണ്ട് ബസുകളാണ് മുകളിൽ യാത്രക്കാരെ കയറ്റി ട്രിപ്പ് നടത്തിയതെന്നാണ് വിവരം. ഈ രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. ഇരു ബസുകളുടെയും ഡ്രൈവർമാർ പാലക്കാട് ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും നടപടി സ്വീകരിക്കുക.
നെന്മാറ-വല്ലങ്ങി വേലയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് കണ്ട് മടങ്ങിയ ആളുകളാണ് ബസിന് മുകളിൽ യാത്ര ചെയ്തിരുന്നത്. ബസിന് മുകളിൽ ഉൾപ്പെടെ ആളുകൾ യാത്ര ചെയ്യുന്നത് ആ പ്രദേശത്തുണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ബസിന് മുകളിലുള്ളവരിൽ നിന്ന് കണ്ടക്ടർ പണം വാങ്ങുന്നതായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്.
വെടിക്കെട്ടിന് ശേഷമുള്ള മടക്ക യാത്രയ്ക്ക് ബസിനുള്ളിൽ തിരക്കേറിയതോടെയാണ് യാത്രക്കാർ ബസിന് മുകളിലേക്ക് കയറിയത്. പിന്നീട് ക്യാരിയറിന് മുകളിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധി കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, നെന്മാറ-പാലക്കാട്, ഗോവിന്ദപുരം-തൃശൂർ, കൊല്ലങ്കോട്-പാലക്കാട് റൂട്ടുകളിലോടുന്ന എല്ലാ ബസുകളും ഇതേ രീതിയിൽ തന്നെയാണ് സർവീസ് നടത്തിയിരുന്നതെന്നാണ് നടപടി നേരിടുന്ന ബസിലെ കണ്ടക്ടർ നസീബ് പറയുന്നത്. പൊലീസുകാർ സ്ഥാപിച്ച ക്യാമറ പരിശോധിച്ചാൽ അത് മനസിലാകും. എം വിഡി. നടപടി സ്വീകരിച്ചാൽ അത് ഞങ്ങളുടെ വയറ്റത്തടിക്കുന്നത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷത്തിലധികം ആളുകൾ അവിടെയുണ്ടായിരുന്നു. പൊലീസുകാർക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത ആളുകളെ തൊഴിലാളികളായ ഞങ്ങൾ എങ്ങനെ നിയന്ത്രിക്കുമെന്ന് മറ്റൊരു ബസ് ജീവനക്കാരൻ ചോദിച്ചു. ഞങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തട്ടിമാറ്റിയാണ് ആളുകൾ ബസിന് മുകളിൽ ഉൾപ്പെടെ കയറുന്നത്. ഇത് ആദ്യമായുള്ള സംഭവമല്ലെന്നും മുൻ വർഷങ്ങളിലും ഇതുപോലെ ആളുകൾ പല ബസുകളിലും കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ