കൽപ്പറ്റ: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് വയനാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സുൽത്താൻ ബത്തേരിക്കടുത്ത് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആർ കറപ്പനാണ് രാജിവെച്ചത്. സിപിഎം പ്രതിനിധിയായായ പഞ്ചായത്ത് പ്രസിഡന്റാണ് രാജിവെച്ചത്. ഇന്നലെയാണ് യുവതി പീഡനം സംബന്ധിച്ച പരാതി അമ്പലവയൽ പൊലീസിൽ നൽകിയത്. വീട്ടിൽ കയറി കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്.

വീട് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെ.പിയും ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കറപ്പനോട് പാർട്ടി ആവശ്യപ്പെടുകയായിരുന്നു. മെമ്പർ സ്ഥാനവും രാജിവെക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കറപ്പന്റെ പേരിൽ പൊലീസ് കേസെടുത്തു.

പരാതിക്കാരി നെന്മേനി പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകിയിരുന്നു. അന്ന് മുതലാണ് യുവതിയെ കറപ്പൻ ശല്യപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ ഇവരുടെ സ്ഥലം വയൽ ആയതിനാൽ കലക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നൽകാമെന്നും യുവതിയെ പ്രസിഡന്റ് അറിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറുന്നത്. വീട് തരപ്പെടുത്തി നൽകിയാൽ ചെലവ് ചെയ്യണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പണമാണ് വേണ്ടതെങ്കിൽ ഭർത്താവ് വന്നിട്ട് പറയാമെന്ന് യുവതി പറഞ്ഞു. എന്നാൽ തനിക്ക് പണമല്ല വേണ്ടതെന്ന് പറഞ്ഞ് പ്രസിഡന്റ് യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

പല പ്രാവശ്യം ഫോണിലും ശല്യപ്പെടുത്തിയെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. തുടർന്ന് ഇന്നലെ രാവിലെ 11 മണിക്ക് യുവതി തനിച്ചുള്ളപ്പോൾ വീട്ടിലെത്തിയ പ്രസിഡന്റ് കയറിപ്പിടിച്ചെന്നും ബഹളം വെച്ചപ്പോൾ അടുക്കള വഴി ഓടിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആരോപണങ്ങളായി നില നിന്ന ഈ സംഭവം പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെയാണ് സിപിഎം ഇടപെട്ട സിപിഎം നേതാവിനെ രാജിവെപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ . അതിക്രമിച്ച് കടക്കൽ , വധഭീഷണി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു .തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപിയും യുഡിഎഫും മാർച്ച് നടത്തി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് രാജി.