നേപ്പാളിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ലോകം ഒരുമിച്ചപ്പോൾ ഒപ്പം ചെറു പിന്തുണയുമായി മറുനാടൻ മലയാളി കുടുംബവും. മറുനാടൻ മലയാളി കുടുംബത്തിലെ തന്നെ അംഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ബ്രിട്ടനിലെ വായനക്കാരിൽ നിന്നും ശേഖരിച്ച എട്ട് ലക്ഷം രൂപ നേപ്പാൾ ദുരിത ബാധിതർക്ക് കൈമാറും. ഒരാഴ്ചകൊണ്ട് ശേഖരിച്ച ഈ തുക നേപ്പാൾ എംബസിവഴിയോ നേരിട്ട് ഏതെങ്കിലും സംഘടന വഴിയോ യുകെയിലെ സന്നദ്ധ സംഘടന വഴിയോ കൈമാറാൻ ആണ് തീരുമാനം. എങ്ങനെയാണ് കൈമാറുന്നതെന്ന് മൂന്നു ദിവസത്തിനകം തീരുമാനിക്കമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഫ്രാൻസിസ് ആന്റണി അറിയിച്ചു. യൂണിസെഫ്, റെഡ്‌ക്രോസ്, ഓക്‌സ്ഫാം തുടങ്ങിയ പ്രസ്ഥാനങ്ങൾ വഴി കൈമാറ്റം ചെയ്യുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ തന്നെയാണ് ബ്രിട്ടീഷ് മലയാളിയുടെയും എഡിറ്റർ. ഷാജൻ ഉൾപ്പെടെ ബ്രിട്ടീഷ് മലയാളി ടീമിലെ പതിമൂന്ന് അംഗ ട്രസ്റ്റികളാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എല്ലാ മാസവും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ഒരു രോഗിക്കെങ്കിലും ഫൗണ്ടേഷൻ സഹായം നൽകാറുണ്ട്. രണ്ടര വർഷം കൊണ്ട് ഏതാണ്ട് രണ്ട് കോടി രൂപയോളം ഫൗണ്ടേഷൻ ഇങ്ങനെ വിതരണം ചെയ്തു കഴിഞ്ഞു. എബോള ദുരിത ബാധിതർക്കും ഝാർഖണ്ഡിലെ പ്രളയ ദുരിത ബാധിതർക്കും അടക്കം അനേകം പേർക്കാണ് ഇതുവരെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സാമ്പത്തിക സഹായം ചെയ്തത്. പത്തനാപുരത്തെ ഗാന്ധിഭവന് പതിനൊന്ന് ലക്ഷം കഴിഞ്ഞ മാസം കൈമാറ്റം ചെയ്തിരുന്നു.

ലോകത്തിന്റെ കണ്ണീരൊപ്പാൻ ഒറ്റമനസ്സോടെ യുകെ മലയാളികൾ ഒരുമിച്ചപ്പോൾ ഒഴുകിയെത്തിയത് 775659.95 രൂപയാണ്. വിർജിൻ മണി വഴി ലഭിച്ചത് 529522.20 രൂപയാണ് അതിന്റെ ഗിഫ്റ്റ് എയ്ഡുൾപ്പെടെ ലഭിച്ചത് 649666.90 രൂപയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിച്ച 125993.06 രൂപയും ചേർന്നതാണ് ഈ തുക. ഔദ്യോഗികമായി നേപ്പാൾ അപ്പീൽ അവസാനിപ്പിക്കുകയാണെങ്കിലും ഫണ്ട് കൈമാറ്റ രീതി തീരുമാനിക്കുന്നതുവരെ വായനക്കാർ നൽകുന്ന പണം സ്വീകരിക്കും. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച അപ്പീലാണ് ഈ വ്യാഴാഴ്ച അവസാനിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നിന്ന അപ്പീലിൽ യുകെ മലയാളികൾ രണ്ട് കയ്യും നീട്ടി സഹായം നൽകുകയായിരുന്നു.

വിർജിൻ മണി വഴി 169 പേർ പണം നൽകിയപ്പോൾ ഫൗണ്ടേഷൻ അക്കൗണ്ടിലേക്ക് 39 പേരാണ് പണം നൽകിയത്. ഏതെങ്കിലും ഒരു വ്യക്തിയുടെ ചികിത്സാചെലവിനല്ലാതെ ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി വായനക്കാർ നൽകുന്ന ഏറ്റവും വലിയ തുകയാണ് ഇത്. മുമ്പ് ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും എബോളാ ബാധിതർക്കും വേണ്ടി അപ്പീൽ നടത്തിയപ്പോൾ ഇത്ര വലിയ പ്രതികരണം ലഭിച്ചിരുന്നില്ല.

7.9 തീവ്രതയിൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ ഏഴായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പല കുരുന്നുകളും അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായി. ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നേപ്പാളിൽ തുടരുകയാണ്. ഭാഗ്യം തുണയ്ക്കാതെ മരണത്തിന് കീഴടങ്ങിയവർ നിരവധിയാണ്. പലർക്കും അംഗവൈകല്യങ്ങൾ സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് ഒരു ചെറുകൈ സഹായം നല്കാനാണ് ഞങ്ങൾ വായനക്കാരോട് അഭ്യർത്ഥിച്ചത്. നേപ്പാളിൽ അനാഥരായി ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്ന കുരുന്നുകൾക്ക് നിങ്ങളുടെ ഓരോ പൗണ്ടും വിലപ്പെട്ടതാണ്.

കുരുന്നുകളാണ് നേപ്പാൾ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് ഇപ്പോൾ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്നത്. 1.7 മില്യൻ കുഞ്ഞുങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നതെന്നാണ് യുനിസെഫ് റിപ്പോർട്ട്. 260,000 കുരുന്നുകൾക്കാണ് സർവ്വവും നഷ്ടമായത്. 15,000 കുട്ടികളാണ് പോഷകാഹാരകുറവ് അനുഭവിക്കുന്നത്. എത്രയും പെട്ടെന്ന് ഇവരെ സ്വാഭാവിക അവസ്ഥയിലേക്ക് മടക്കികൊണ്ട് വന്നില്ലെങ്കിൽ മാനസിക പ്രശ്‌നങ്ങളും മറ്റുമുള്ളവരായി ഇവർ മാറിയേക്കാമെന്നാണ് റിപ്പോർട്ട്.

വീടുകൾ തകർന്ന പല കുട്ടികൾക്കും ഇപ്പോൾ തണുപ്പിൽ നിന്നും അതിജീവനം നേടാൻ ടാർപോളിനുകളാണ് അഭയം. ദുരന്തത്തെ അതിജീവിച്ച കുട്ടികളുടെ അവസ്ഥയാണ് ഇപ്പോൾ ഏറെ ദയനീയം. അച്ഛനും അമ്മമാരും മരിച്ച് ഷെൽട്ടർ ഹോമുകളിൽ എത്തിയവർ അനവധിയാണ്. ഇനി ജീവിതം എന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുരുന്നുകൾ. പഠിച്ചിരുന്ന സ്‌കൂളും കൂട്ടുകാരെയും വീട്ടുകാരെയും എല്ലാം നഷ്ടപ്പെട്ടരാണ് ഇവർ. ആവശ്യത്തിന് ആഹാരം പോലും ഈ കുട്ടികൾക്ക് ലഭിക്കുന്നില്ല. പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളും ശാരീരികമായി ഏറെ തളർന്നുപോയ കുട്ടികളെ വേഗത്തിൽ കീഴടക്കുന്നുണ്ട്. കീറിപറിഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് ഇവർക്ക് ആകെയുള്ളത്. അതിനാൽ തന്നെ നേപ്പാളിലെ കൊടും തണുപ്പിനെയും മഴയെയും ചെറുക്കാൻ ഇവർക്ക് ആകുന്നില്ല.

ദ്രുതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാതെ കഴിയുകയാണ് ലക്ഷക്കണക്കിന് ജനങ്ങൾ. പകർച്ചവ്യാധികൾ പടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മറുനാടൻ മലയാളി കുടുംബത്തിലെ തന്നെ അംഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ബ്രിട്ടനിലെ വായനക്കാരിൽ സഹായധനം സ്വരൂപിച്ചത്.