ഹരിദ്വാർ: വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും വാർത്തകളിൽ. ഇക്കുറി നേപ്പാൾ ഭൂകമ്പവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരു പരാമർശിച്ചാണ് സാക്ഷി മഹാരാജ് വാർത്തകളിൽ നിറയുന്നത്.

നിരവധി പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ പ്രകൃതിദുരന്തത്തിനു കാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണെന്നാണ് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞത്. രാഹുൽ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധിയുള്ള സ്ഥലം രാഹുൽ സന്ദർശിച്ചത്. അതിനാലാണ് ഭൂകമ്പം ഒഴിവാക്കാൻ കഴിയാത്തത് എന്നായിരുന്നു ഹരിദ്വാറിൽ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന.

ഇതാദ്യമായല്ല സാക്ഷി മഹാരാജ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേയെ ദേശീയവാദിയായി വിശേഷിപ്പിച്ച് നേരത്തെ സാക്ഷി മഹാരാജ് രംഗത്തെത്തിയിരുന്നു. രാജ്യസ്‌നേഹിയാണ് ഗോഡ്‌സെ എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന.

മദ്രസകളിൽ ഖുർ ആൻ പഠിപ്പക്കുന്നതുപോലെ സ്‌കൂളുകളിൽ ഭഗവദ് ഗീത പഠിപ്പിക്കണമെന്നും ഹിന്ദു സ്ത്രീകൾ നാല് കുഞ്ഞുങ്ങൾക്ക് വീതം ജന്മം നൽകണമെന്നുമുള്ള പരാമർശങ്ങളും വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. വോട്ടവകാശം കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുസ്ലീങ്ങളെ വന്ധ്യംകരിക്കണമെന്നും സാക്ഷി മഹാരാജ് മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.