കാഠ്മണ്ഡു: നീലക്കണ്ണുള്ള പാക് ചായക്കടക്കാരനു പിന്നാലെ വഴി ഓരത്ത് പച്ചക്കറി വിൽക്കുന്ന നേപ്പാൾ സുന്ദരിയും താരമാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടിയുടെ ചിത്രം പകർത്തിയത് രൂപ്ചന്ദ്ര മഹാജൻ ആണ്. ഗൂർഖയ്ക്കും ചിറ്റ്‌വാനും ഇടയിലുള്ള തൂക്കുപാലത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ ചിത്രം ഇദ്ധേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്. പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇദ്ധേഹം പകർത്തിയത്.

തൊഴിലിന്റെ മഹത്വം തിരിച്ചറിയാൻ ഈ സുന്ദരിയുടെ ചിത്രം സഹായിച്ചു എന്ന് ചിത്രം കണ്ട ഒരാൾ ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ എഴുതിയത്. പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവും ചിലർ ട്വിറ്ററിൽ പങ്കുവച്ചു.

#Tarkariwali എന്ന ഹാഷ്ടാഗും വൈറലായി. യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പരക്കം പായുകയാണ് നവമാദ്ധ്യമ യൂസർമാർ. യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നേപ്പാളി പോർട്ടൽ ഗുണ്ടൂരുക്പോസ്റ്റ് ഡോട്ട്കോം പറയുന്നു. യുവതിയുടെ സൗന്ദര്യത്തിലും നിഷ്‌കളങ്കമായ ചിരിയിലും മയങ്ങിയിരിക്കുകയാണ് ഓൺലൈൻ ലോകം.

കുറച്ചു ദിവസം മുമ്പാണ് പാക് ചായക്കടക്കാരനായ അർഷാദ് ഖാൻ ഓൺലൈനിൽ തരംഗമായിരുന്നത്. നീല ഷർട്ടിട്ട് ചായ തയ്യാറാക്കുന്ന ചിത്രമാണ് യുവാവിനെ ലോകപ്രശസ്തനാക്കിയത്. ഇസ്ലാമാബാദിലെ ഫോട്ടോഗ്രാഫറായ ജിയാ അലിയുടേതാണ് ചിത്രം. ഒക്ടോബർ പതിനാലിന് ജിയാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി. മോഡലിങ് രംഗത്ത് നിന്നും ക്ഷണം ലഭിച്ച അർഷാദിന് പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.