തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുനിയമ വിവാദത്തിൽ പി കെ ഫിറോസ് അടക്കമുള്ള മുസ്ലീലീഗ് നേതാക്കൾ ആഞ്ഞടിക്കവെ ഇക്കാര്യത്തിൽ മുസ്ലീ ലീഗും ഒട്ടും മോശമല്ലെന്ന് കാണിച്ച് മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറലാവുന്നു. പാണക്കാട് ശിഹാബ് തങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡിലിറ്റ് നൽകാൻ അന്നത്തെ സിൻഡിക്കേറ്റ് നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയാണ് മാധ്യമം ന്യൂസ് എഡിറ്ററായ ഒ ഒമറുൽ ഫാറൂഖ് ഫേസ്‌ബുക്കിൽ കുറിച്ചത്. വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈൻ, ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ, യുജിസി ചെയർമാൻ അരുൺ നിഗ്വേക്കർ എന്നിവർക്കൊപ്പം ശിഹാബ് തങ്ങൾക്കും ഡിലിറ്റ് നൽകാനായിരുന്നു കാലിക്കറ്റ് സിൻഡിക്കേറ്റിന്റെ ശുപാർശയെന്നും ഉമറുൽ ഫാറൂഖ് വ്യക്തമാക്കി. തന്നെ നിയമിച്ചതിന് അന്നത്തെ വി സി ഹസ്നെന്റെ ലീഗ് നേതാവിനോടുള്ള ഉപകാര സ്മരണയായിരുന്നു അത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിനു കീഴെ ലീഗ് അണികളുടെ രോഷ പ്രകടനമാണ് ഉണ്ടായത്. ഇങ്ങനെയാരു തീരുമാനം ഉണ്ടായിരുന്നില്ല എന്ന് പറയുന്നവരോട് 2003 ഫെബ്രുവരി 22ലെ ഇതുസംബന്ധിച്ച പത്ര വാർത്തയും ഫാറൂഖ് ഷെയർ ചെയ്തിട്ടുണ്ട്.

ഒ.ഉമറുൽ ഫാറുഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

2004 ൽ യൂ.ഡി.എഫ് ഭരണകാലത്ത് സ്‌കൂൾ അദ്ധ്യാപകനെ വി സിയാക്കാൻ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ആരോപിച്ചത്. മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്‌കൂളിലെ അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവും സർവ്വോപരി മുസ്ലിം ലീഗ് നേതാവുമായ വ്യക്തിയെ ആയിരിക്കും മുഖ്യമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക. അദ്ദേഹത്തെ കാലിക്കറ്റ് വി സിയാക്കാൻ നീക്കം നടന്നിരുന്നു. കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന കാലത്ത് ഇതേ കുറിച്ച് റിപ്പോർട്ട് എഴുതിയത് ഓർത്തുപോവുകയാണ്.

എന്നാൽ, അതിനേക്കാൾ വലിയ വിഡ്ഡിത്തം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അന്ന് നടന്നത് മുഖ്യമന്ത്രി പരാമർശിക്കാതെ പോയി. പാണക്കാട് ശിഹാബ് തങ്ങൾക്ക് ഡിലിറ്റ് നൽകാൻ അന്നത്തെ സിണ്ടിക്കേറ്റ് നീക്കം നടത്തി. വിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈൻ, ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ, യുജിസി ചെയർമാൻ അരുൺ നിഗ്വേക്കർ എന്നിവർക്കൊപ്പം ശിഹാബ് തങ്ങൾക്കും ഡിലിറ്റ് നൽകാനായിരുന്നു ശുപാർശ. തന്നെ നിയമിച്ചതിന് അന്നത്തെ വി സി ഹസ്നെന്റെ ലീഗ് നേതാവിനോടുള്ള ഉപകാര സ്മരണയായിരുന്നു അത്. സാംസ്‌കാരിക, കലാ, അക്കാദമിക പരിജ്ഞാനം എവിടെ നിൽക്കുന്നു! ഊതിവീർപ്പിച്ച ആത്മിയ ബലൂണുകൾ എവിടെ നിൽക്കുന്നു. ഏതായാലും വ്യാപക എതിർപ്പ് മൂലം അത് നടന്നില്ല. രാഷ്ട്രീയ നിയമനങ്ങളിൽ യു.ഡി.എഫ് ഒരു പണത്തൂക്കം മുന്നിലല്ലാതെ പിന്നിലല്ലെന്ന് ചുരുക്കം.