ആംസ്റ്റർഡാം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രോഗവ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതർലൻഡ്സ്.

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26 നാണ് നെതർലൻഡ്സ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ജൂൺ ഒന്നു മുതൽ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റർഡാമിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് വിലയിരുത്തിയാണ് ഏപ്രിൽ 26 ന് നെതർലൻഡ്സ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് ജൂൺ ഒന്നുവരെ നീട്ടിയതായി ഇന്ത്യയിലെ നെതർലൻഡ്സ് എംബസി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.