- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹോളണ്ട്; ജർമ്മനിയിൽ എത്തുന്ന രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും രണ്ടാഴ്ച്ച ക്വാറന്റൈൻ; എല്ലാ യാത്രക്കാർക്കും പി സി ആർ ടെസ്റ്റ് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ; രാത്രി കർഫ്യു പുനരാരംഭിച്ച് അയർലൻഡ്; നിയന്ത്രണം കടുപ്പിച്ചതോടെ ഫ്രാൻസിലേക്കുള്ള വഴികൾ സ്തംഭിച്ചു
ബെർലിൻ: ലോകം മറ്റൊരു അടച്ചുപൂട്ടലിലേക്ക് തിരികെ പോവുകയാണോ എന്ന ആശങ്കയാണെങ്ങും. കഴിഞ്ഞവർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ലോകജനതയുടെ മനസ്സിൽ ആശങ്കയുയർത്തിയ അതേ സാഹചര്യത്തിലേക്കാണ് നമ്മൾ നടന്നടുക്കുന്നത്. അന്ന്, കൊറോണയെന്ന ഭീകരവൈറസിനെ കുറിച്ചും കോവിഡെന്ന മഹാമാരിയേ കുറിച്ചും ശാസ്ത്രലോകത്തിന് ഏറെയൊന്നും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിയേറെ മാറിയിരിക്കുന്നു. പൂർണ്ണമായും പ്രതിരോധിക്കാനാവില്ലെങ്കിലും വലിയൊരു പരിധിവരെ പ്രതിരോധം ഉറപ്പുനൽകുന്ന വിവിധ വാക്സിനുകൾ വിപണിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ ഏറെ ഫലവത്തായ ചികിത്സാ രീതികളുമുണ്ട്.
തകർച്ചയിൽ നിന്നും കരകയറാൻ തുടങ്ങുന്ന സമയത്താണ് ഓമിക്രോൺ എന്ന പുതിയ വകഭേദം എത്തുന്നത്. വാക്സിനുകൾ ഇതിനെ തടയാൻ ഏറെ ഫലപ്രദമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ലോകത്തിന് ഈ പുതിയ ഭീകരനെ ചെറുക്കാൻ വീണ്ടും വീടുകൾക്കുള്ളിലേക്ക് ഉളവലിയേണ്ടതായി വരുമെന്ന ആശങ്കയാണിപ്പോൾ. അത് ശരിവയ്ക്കും വിധമാണ് പല രാജ്യങ്ങളുടെയും പോക്കും.
സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ഹോളണ്ട്
യൂറോപ്യൻ യൂണിയനിലേക്ക് എത്തുന്നവർ എല്ലാവരും തന്നെ പി സി ആർ പരിശോധനക്ക് വിധേയരാകണം എന്ന് കമ്മീഷൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഹോളണ്ട് പുതിയ ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ആരോഗ്യകാര്യ മന്ത്രി ഹ്യുഗോ ഡി ജോംഗേ, പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റിയുട്ട് തലവൻ ജാപ് വാൻ ഡിസ്സൽ എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ട് ഇക്കാര്യം അറിയിച്ചത്. നവംബർ 28 ന് രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 13 പേരിൽ ഒത്തുചേരുന്നത് നിരോധിച്ച ഈ ഭാഗിക ലോക്ക്ഡൗണിൽ ബാറുകൾ, റെസ്റ്റോറന്റുകൾ, സിനിമാ ഹോളുകൾ തുടങ്ങിയവ വൈകിട്ട് 5 മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കരുതെന്ന് നിർദ്ദേശവും ഉണ്ടായിരുന്നു.
ഇതിനെതിരെ വൻ പ്രതിഷേധമായിരുന്നു രാജ്യത്താകമാനം നടന്നത്. ചിലയിടങ്ങളിൽ പ്രതിഷേധം പൊലീസ് വെടിവെയ്പിന് വരെ കാരണമായി.ഈ നിയന്ത്രണങ്ങളുടെ ഫലമായി കോവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കുവാനും ഹോളണ്ടിനായിരുന്നു. എന്നാൽ, പിന്നെയും രോഗവ്യാപനം നിയന്ത്രണാതീതമാകുന്നു എന്ന് കണ്ടതോടെയാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ചുള്ള സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. അതോടൊപ്പം സ്‌കൂളുകൾ, ജിമ്നേഷ്യം, കഫേകൾ, മ്യുസിയം എന്നിവയും അടച്ചുപൂട്ടും.
ജർമ്മനിയിൽ എത്തുന്നവർക്ക് രണ്ടാഴ്‌ച്ചത്തെ നിർബന്ധിത ക്വാറന്റൈൻ
ജർമ്മനിയിൽ എത്തുന്ന വിദേശികൾക്ക്, പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്നുള്ളവർക്ക് രണ്ടാഴ്‌ച്ചത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുകയാണെന്ന് ജർമ്മനി അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെങ്കിലും ക്വാറന്റൈന് വിധേയരാകണം. ഓമിക്രോൺ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണിത്. ജർമ്മനി തയ്യാറാക്കിയ ഓമിക്രോൺ ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനും ഉൾപ്പെടുന്നു എന്ന് ജർമ്മൻ വക്താവ് അറിയിച്ചു. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായിരിക്കും ക്വാറന്റൈൻ നിർബന്ധമാകുക.
അതേസമയം, ബ്രിട്ടനിൽ നിന്നും ജർമ്മൻ പൗരന്മാർ, പെർമെനന്റ് റെസിഡന്റ് സ്റ്റാറ്റസുള്ളവർ, അവരുടെ പങ്കാളികൾ, കുട്ടികൾ അതുപോലെ ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് മാത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും ജർമ്മനിയിലേക്ക് പ്രവേശനവും അനുവദിച്ചിട്ടുള്ളു. ജർമ്മനിയിൽ പ്രവേശിക്കുന്നതിന് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ് അതുകൂടാതെയണ് 14 ദിവസത്തെ ക്വാറന്റൈൻ.ഫ്രാൻസും സമാനമായ നയം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. വെള്ളിയാഴ്‌ച്ച 11 മണിമുതൽ അത് നിലവിൽ വന്നിട്ടുണ്ട്.
വാതിലുകൾ കൊട്ടിയടച്ച് ഫ്രാൻസ്
ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് നേരെ അതിർത്തികൾ കൊട്ടിയടക്കുകയാണ് ഫ്രാൻസ്. ഫ്രഞ്ച് പൗരന്മാർ, പെർമെനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർ , അവരുടെ പങ്കാളികൾ എന്നിവർക്ക് മാത്രമായിരിക്കും ബ്രിട്ടനിൽ നിന്നും ഫ്രാൻസിലേക്ക് പ്രവേശിക്കാനാവുക. നിരോധനം പ്രാബല്യത്തിൽ വരുന്നതിനു മുൻപേ ഫ്രാൻസിലേക്ക് കടക്കാൻ പുറപ്പെട്ടവരുടെ തിരക്കിൽ റോഡുകൾ പലയിടങ്ങളിലും ഗതാഗതക്കുരുക്കിൽ പെട്ടു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എം 20 മോട്ടോവേയിൽ, കെന്റിൽ നിന്നും ഡോവറിലേക്കുള്ള വഴിയിലും അതുപോലെ ചാനൽ ടണലിന്റെ പ്രവേശനകവാടത്തിനരികിലും ഇന്നലെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പുതിയ നിയന്ത്രണങ്ങളെ അതിജീവിക്കാൻ ക്രിസ്ത്മസ്സ് യാത്രകൾ മിക്കവരും നേരത്തേ ആക്കിയപ്പോൾ പോർട്ട് ഓഫ് ഡോവറിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. ഡോവറിൽ ഇന്നലെ രാത്രിയിലും അതുപോലെ എ 20 ൽ ഇന്ന് അതിരാവിലെയും ഉണ്ടായ ഗതാഗത കുരുക്കിൽചരക്കുനീക്കം തടസ്സപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടവർ, ട്രക്ക് ഡ്രൈവർമാർ തുടങ്ങിയവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ല.
8 മണി കർഫ്യൂവുമായി അയർലൻഡ്
ഓമിക്രോൺ വ്യാപനം കടുത്തതോടെ അയർലൻഡും കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബാറുകൾ, പബ്ബുകൾ, സിനിമാ ഹോളുകൾ തീയറ്ററുകൾ തുടങ്ങിയവ രാത്രി 8 മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ലെന്ന കർശന നിയന്ത്രണമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വൻ തകർച്ചയിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് ഹോസ്പിറ്റാലിറ്റി മേഖലക്ക് വൻ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 8 മണി കർഫ്യൂഹോസ്പിറ്റാലിറ്റി മേഖലയെ വൻ തകർച്ചയിലേക്ക് നയിക്കുമെന്ന് മേഖലയിലെ പ്രമുഖർ പറയുന്നു.
മറുനാടന് ഡെസ്ക്