ലണ്ടൻ: കുട്ടികളുടെ തല എവിടെയെങ്കിലും തട്ടി അവർക്ക് ഗുരുതരമായ പരുക്കേൽക്കുമോയെന്ന് മിക്ക രക്ഷിതാക്കളും ഉത്കണ്ഠപ്പെടാറുണ്ട്. എന്നാൽ തല എവിടെയെങ്കിലും തട്ടുന്നതും നാം കുട്ടികളുടെ തലയ്ക്കിട്ട് തട്ടുന്നതും അവർക്ക് പരുക്കേൽപ്പിക്കുമെന്ന് മാത്രമല്ല അത് രക്ഷിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

വർഷംതോറും അഞ്ച് വയസിൽ താഴെയുള്ള 50 കുട്ടികൽ ഒരാൾക്കെന്ന തോതിൽ തലയ്ക്കുണ്ടാകുന്ന തട്ടലും മുട്ടലും കാരണം തലച്ചോറിന് ശക്തിയായ കമ്പനമുണ്ടാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങൾ നടക്കുന്നുമില്ല. ഇതിലൂടെ ചെറിയ കുട്ടികളുടെ സാമൂഹികമായ ഇടപെടലുകൾ, മാതാപിതാക്കളടക്കമുള്ളവരുമായുള്ള ഇടപെടൽ താറുമാറാകുമെന്നാണ് ഇപ്പോൾ നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ എത്ര പ്രകോപിപ്പിച്ചാലും കുട്ടികളുടെ തലയ്ക്കിട്ട് തട്ടരുതെന്ന് പ്രത്യേകം ഓർക്കുക. ചെറുതായി തലയിൽ തട്ടിയാൽ പോലും മക്കൾ മാതാപിതാക്കളെ വെറുക്കുമെന്ന് ചുരുക്കം.

പിൽക്കാലത്ത് കുട്ടിക്കുണ്ടാകുന്ന മികച്ച സാമൂഹിക ബന്ധങ്ങളെ കുട്ടിക്കാലത്ത് മാതാപിതാക്കന്മാരുമായി അവർക്കുണ്ടാകുന്ന ബന്ധങ്ങൾ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളിലെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകുന്നുവെങ്കിൽ മാതാപിതാക്കൾ അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണെന്നും അവരുടെ തലച്ചോറിനുള്ള പരുക്ക് കാരണമായിരിക്കാം ഈ സ്ഥിതി സംജാതമാകുന്നതെന്നുമാണ് കാനഡയിലെ ഗവേഷക സംഘം മുന്നറിയിപ്പേകുന്നത്.കുട്ടികളുടെ തലയോട് കട്ടികുറഞ്ഞതും മയമുള്ളതുമായതിനാൽ തലച്ചോറിന് പരുക്ക് പറ്റാൻ സാധ്യതയേറെയാണെന്നാണ് മോൺട്‌റിയൽ യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രിസ്റ്റും ഗവേഷകനുമായ മിറിയം ബീചാംപ് മുന്നറിയിപ്പേകുന്നത്. ഇത്തരത്തിലുള്ള പരുക്കേറ്റ്
മാസങ്ങൾക്കകം കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള ബന്ധത്തിൽ ചില പ്രയാസങ്ങൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസിന് കീഴിലുള്ള കുട്ടികളിൽ ഇത്തരം പരുക്കുകൾ കൂടുതലാണ്. ഇത്തരത്തിലുള്ള പരുക്കുകൾ കാരണം കുട്ടികളിൽ ആശയവിനിമയ പാടവം പോലുള്ള പുതിയ കഴിവുകൾ വികസിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും ബീചാംപ്
പറയുന്നു.

ഇതുമായി ബന്ധപ്പെട്ട പഠനം ജേണൽ ഓഫ് ന്യൂറോസൈക്കോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18മാസം പ്രായമുള്ള 130 കുട്ടികളെ അഞ്ച് വർഷം നിരീക്ഷിച്ചാണീ പഠനം നടത്തിയിരിക്കുന്നത്. ഇതിൽ ചിലർക്ക് തലച്ചോറിന് പരുക്കും കമ്പനവും മറ്റ് ചിലർക്ക് ഓർത്തോപീഡിക് പരുക്കുമേറ്റിരുന്നു.പഠനത്തിന്റെ ഭാഗമായി ഗവേഷകർ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങൾ ആറ് മാസത്തേക്ക് ക്യാമറയിൽ പകർത്തിയിരുന്നു. കളികൾ, സ്‌നാക്ക് ടൈമിലെ ഇടപെടലുകൾ തുടങ്ങിയവയായിരുന്നു ചിത്രീകരിചച്ച് നിരീക്ഷിച്ചിരുന്നത്. ഇതിന് പുറമെ കുട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർ മാതാപിതാക്കളോട് ചോദ്യാവലിയിലൂടെ തിരക്കുകയും അവലോകനം ചെയ്യുകയും ചെയ്തിരുന്നു.പരുക്കേറ്റവർക്ക് മാതാപിതാക്കന്മാരുമായുള്ള ബന്ധം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ വഷളായി വരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.