ഷാർജ: ഷാർജയിലെ പ്രധാനനിരത്തുകളിലൂടെ വാഹനമോടിക്കുന്നവർ ഇനി സൂക്ഷിക്കുക. അമിത വേഗക്കാരേയും ട്രാക്ക് തെറ്റിച്ച് ഓടുന്നവരേയു പിടികൂടാൻ പത്തു പുതിയ റഡാറുകൾ കൂടി ട്രാഫിക് പൊലീസ് സ്ഥാപിക്കുന്നു. ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ റഡാറുകൾ ഏറെ വിജയകരമാണെന്ന് പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കേണൽ അബ്ദുള്ള മുബാറക് ബിൻ അമർ വ്യക്തമാക്കി.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ, ഇലക്ട്രോണിക് സർവീസസ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് എന്നിവയുമായി സഹകരിച്ച് ഷാർജ പൊലീസ് ആണ് റഡാറുകൾ സ്ഥാപിക്കുന്നത്. അമിത വേഗത, ഓവർടേക്കിങ്, ട്രാക്ക് തെറ്റിച്ച് ഓടിക്കൽ തുടങ്ങിയ ഗതാഗത നിയമലംഘകരെ പിടികൂടാൻ എളുപ്പത്തിൽ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും ഷാർജ പൊലീസ് വെളിപ്പെടുത്തി.

എച്ച്ഡി ക്യാമറ, ഫോട്ടോ വീഡിയോ സംവിധാനം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അകലെ നിന്നു വ്യക്തതയാർന്ന ചിത്രങ്ങളും വീഡിയോയും ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. നിലവിലുള്ള ഗതാഗത തടസങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റഡാറുകൾ സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം കണ്ട് വർധിപ്പിക്കാനും പുതിയ റഡാർ സംവിധാനം സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

എമിറേറ്റിലെ പ്രധാന നിരത്തുകളായ ഷേക്ക് ഖാലിഫ ബിൻ സയ്യിദ് റോഡ്, ഷേക്ക് മുഹമ്മദ് ബിൻ സയ്യിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവയുൾപ്പെടെയുള്ള നിരത്തുകളിൽ ഇവ സ്ഥാപിക്കും.