ജിദ്ദ: രാജ്യത്ത് ഭീതി വിതച്ചുകൊണ്ട് എത്തിയ കൊറോണ വൈറസിൽ നിന്ന് രാജ്യം ഇനിയും വിമുക്തമായിട്ടില്ല. വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ഈ മാസം തന്നെ പുതുതായി 11 പേർക്കു കൂടി മെർസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 2012 മുതൽ ഇതുവരെ 1486 പേർക്ക് മെർസ് പിടിപെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

മെർസ് രോഗം പിടിപെട്ടവരിൽ 856 പേർ പൂർണമായും സുഖം പ്രാപിച്ചുവെങ്കിൽ ഇതുമൂലം മരിച്ചവരുടെ എണ്ണം 616 ആണ്. പതിനാലു പേർ ഇപ്പോഴും ചികിത്സയിൽ തന്നെ. പുതുതായി കണ്ടെത്തിയ മെർസ് ബാധ നജ്‌റാൻ മേഖലയിലുള്ള 59-കാരനും ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അൽസുൾഫിയിലുള്ള 29-കാരൻ അറാറിൽ നിന്നുള്ള 34-കാരൻ, ഈസ്റ്റേൺ പ്രൊവിൻസിലുള്ള അമ്പത്തിമൂന്നുകാരനായ വിദേശി എന്നിവരും രോഗബാധിതരിൽപ്പെടുന്നു.

റിയാദ് മേഖലയിലുള്ള അഫിഫ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകൾക്കും മറ്റ് അഞ്ചു പുരുഷന്മാർക്കും മെർസ് പിടിപെട്ടിട്ടുണ്ട്.