ദുബായ്: മക്കളുടെ സ്‌കൂൾ അഡ്‌മിഷനു വേണ്ടി നെട്ടോട്ടമോടുന്ന മാതാപിതാക്കൾക്ക് സന്തോഷവാർത്ത. അടുത്ത വർഷം മുതൽ സ്‌കൂൾ അഡ്‌മിഷൻ പെട്ടെന്നു തന്നെ തരപ്പെടുന്ന രീതിയിൽ പുതിയ 20 സ്‌കൂളുകൾ കൂടി തുടങ്ങാൻ തീരുമാനമായി. 2016-17 അക്കാദമിക് വർഷത്തിൽ ഇരുപതോളം സ്‌കൂളുകൾ തുടങ്ങുമെന്നാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അഥോറിറ്റി ചീഫ് ഡോ. അബ്ദുള്ള കരാം അറിയിച്ചിരിക്കുന്നത്. 

ഒരു വർഷം തന്നെ ഇത്രത്തോളം സ്‌കൂളുകൾ ആരംഭിക്കുന്നത് ഇതാദ്യമായാണെന്നും സ്‌കൂൾ അഡ്‌മിഷനു വേണ്ടി പരക്കം പായുന്ന മാതാപിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനമെന്നും റെഗുലേറ്ററി ബോഡി ഡയറക്ടർ ജനറൽ അറിയിച്ചു. ദുബായിൽ തന്നെ തുറക്കുന്ന ഇരുപതോളം സ്‌കൂളുകളുടെ കാര്യത്തിൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തും. സ്‌കൂൾ കരിക്കുലവും ലൊക്കേഷനുകളും ജൂൺ,ജൂലൈ മാസങ്ങളിലായിരിക്കും പുറത്താക്കുക. ഈ സ്‌കൂളുകളിലേക്ക് പ്രിൻസിപ്പൽമാരെ ഉടൻ തന്നെ നിയമിക്കുകയും ചെയ്യുമെന്നും ഡോ. അബുദ്ള്ള കരാം വ്യക്തമാക്കി.

നിലവിൽ 173 സ്‌കൂളുകളാണ് ദുബായിലുള്ളത്. 2015-16 അക്കാദമിക് വർഷത്തിൽ ഏഴു പുതിയ സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകളിൽ മൊത്തം 298,341 സീറ്റുകളാണുള്ളത്. വർഷം തോറും വിദ്യാർത്ഥികളുടെ എണ്ണത്തിൽ 5.6 ശതമാനം വർധന നേരിടുന്നുമുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതുമുൻനിർത്തിയാണ് പുതിയ സ്‌കൂളുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വെളിപ്പെടുത്തുന്നു.