മസ്‌ക്കറ്റ്: പുതിയ എട്ട് അക്ക മൊബൈൽ നമ്പരുകൾ രാജ്യത്ത് നിലവിൽ വന്നു. ഏഴിൽ തുടങ്ങുന്ന നമ്പരുകൾക്ക് അനുമതി നൽകിക്കൊണ്ട് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി (ആർടിഎ) ഉത്തരവായി.

രാജ്യത്ത് മൊബൈൽ ഉപയോക്താക്കളുടെ എണ്ണം അനുദിനം വർധിക്കുകയും അതനുസരിച്ച് സർവീസ് പ്രൊവൈഡർമാരുടെ എണ്ണത്തിലും വർധന നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എട്ട് അക്ക മൊബൈൽ നമ്പരുകൾക്ക് അനുമതി നൽകാൻ ആർടിഎ തീരുമാനിച്ചത്. സുൽത്താനേറ്റിലെ ജനസംഖ്യയെക്കാൾ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർധിച്ചുവെന്നാണ് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 2,254,338 മൊബൈൽ ഉപയോക്താക്കളാണ് ഒമാനിൽ അധികമായിട്ടുള്ളത്.

രാജ്യത്തെ ജനസംഖ്യ 4,385,039 ആണെങ്കിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 6,639,377 ആയി വർധിച്ചിട്ടുണ്ട്. 2004-2005 കാലഘട്ടത്തിൽ മൊബൈൽ നമ്പരുകൾ എട്ട് അക്കത്തിലേക്ക് മാറിയതിൽ പിന്നെ മൊബൈൽ നമ്പരുകളിൽ വരുത്തുന്ന വലിയ മാറ്റമാണിതെന്നാണ് ഒമാൻടെൽ ആക്ടിങ് വൈസ് പ്രസിഡന്റ് ഹംദാൻ മൂസ അൽ ഹരാസി പറയുന്നത്. വർധിച്ചു വരുന്ന മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിനനുസരിച്ച് നമ്പറിങ് സംവിധാനത്തിൽ മാറ്റം വരുത്തിയതിന് ആർടിഎയ്ക്ക് അൽഹരാസി നന്ദിപ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ നിലവിലുള്ള നമ്പരുകൾക്കോ സർവീസുകൾക്കോ മാറ്റം വരുന്നില്ലെന്നും അൽഹരാസി വ്യക്തമാക്കിയിട്ടുണ്ട്.