- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരസഭയുടെ രണ്ടുഹിറ്റാച്ചികൾ മാസങ്ങളായി ഒളിവിൽ; അന്വേഷിച്ചപ്പോൾ എരുമക്കുഴിയിലെ ചവർക്കൂനകൾക്കിടയിൽ തുരുമ്പെടുക്കുന്നു; സ്വന്തമായി ഹിറ്റാച്ചികളുള്ള സിപിഎം നേതാക്കളെ സഹായിക്കാനെന്ന് ആരോപിച്ച് ബിജെപി നേതാവ്; മേയർക്ക് എതിരെ പുതിയ ആരോപണം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് കരമന അജിത്. നഗരസഭയ്ക്ക് സ്വന്തമായുള്ള രണ്ടുഹിറ്റാച്ചികൾ കുറെ മാസങ്ങളായി കാണാനില്ലെന്ന് അജിത് പറയുന്നു. രണ്ടും തകരാറിലായി ഗാരേജിൽ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ് ആദ്യ അന്വേഷണത്തിൽ വിവരം കിട്ടിയതെങ്കിലും അത് നുണയെന്ന് വ്യക്തമായി. ഫോർട്ട് ഗ്യാരേജിൽ അന്വേഷിച്ചപ്പോൾ അവിടെയും കണ്ടെത്താനായില്ല. 70 ലക്ഷം വിലമതിക്കുന്ന ഹിറ്റാച്ചികൾ ഒടുവിൽ കണ്ടെത്തിയത് എരുമക്കുഴിയിലെ ചവർകൂനകൾക്കിടയിലാണ്. ഇത് അവിടെ കിടന്ന് തുരുമ്പെടുക്കുന്നതിന്റെ രഹസ്യം നാട്ടുകാർ അറിയണമെന്നും കരമന അജിത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
'തിരുവനന്തപുരം കോർപറേഷനിലെ വാർഡുകളിൽ ഹിറ്റാച്ചി ആവശ്യം വന്നാൽ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്... ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികൾ സ്വന്തമായുള്ള ചില സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങൾ വാടക നൽകി എടുക്കും. അപ്പോൾ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎം കാരെ പരിപോഷിപ്പിക്കാം.
പകൽക്കൊള്ളയാണ് മേയറുടെ നേതൃത്വത്തിൽ നഗരസഭയിൽ അരങ്ങേറുന്നത്. ഹോ.. എന്ത് ഭരണമാണ് മേയർ കുഞ്ഞ് നടത്തുന്നത്... നഗരസഭ ചിൽഡ്രൻസ് പാർക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഞാനൊന്നു ഓർമ്മിപ്പിക്കുന്നു.'
കരമന അജിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
70 ലക്ഷത്തിന്റെ 'കുട്ടിക്കളി'
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോൾ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആർക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി. കാരണം എകെജി സെന്ററിലെ എൽകെജി കുട്ടികൾക്ക് മേയർ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകൾ.
അവസാനമായി കിട്ടിയ വിവരം രണ്ടും തകരാറിലായി ഗാരേജിൽ നന്നാക്കാനിട്ടിരിക്കുന്നു എന്നാണ്... അത് നുണയാണെന്ന് മനസ്സിലായി... ഞാൻ വീണ്ടും അന്വേഷിച്ചു.
ഫോർട്ട് ഗ്യാരേജിൽ അന്വേഷിച്ചു... അവിടെ ഇല്ല....അങ്ങനെ ഇന്ന് അവ രണ്ടും ഞാൻ കണ്ടെത്തി... എരുമക്കുഴിയിലെ ചവർ കൂനകൾക്കിടയിലുണ്ട് രണ്ടും. ഇതാണോ ഗ്യാരേജ്... ! ഇതിനെ ഇങ്ങനെയിട്ട് തുരുമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം.
അതായത് തിരുവനന്തപുരം കോർപറേഷനിലെ വാർഡുകളിൽ ഹിറ്റാച്ചി ആവശ്യം വന്നാൽ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്... ഇത് ഇല്ലാത്തപക്ഷം ഹിറ്റാച്ചികൾ സ്വന്തമായുള്ള ചില സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ആയിരങ്ങൾ വാടക നൽകി എടുക്കും. അപ്പോൾ ഹിറ്റാച്ചി എന്നെന്നേക്കും കേടായി കിടന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും ഹിറ്റാച്ചി വാടകയ്ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎം കാരെ പരിപോഷിപ്പിക്കാം.
പകൽക്കൊള്ളയാണ് മേയറുടെ നേതൃത്വത്തിൽ നഗരസഭയിൽ അരങ്ങേറുന്നത്. ഹോ.. എന്ത് ഭരണമാണ് മേയർ കുഞ്ഞ് നടത്തുന്നത്... നഗരസഭ ചിൽഡ്രൻസ് പാർക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഞാനൊന്നു ഓർമ്മിപ്പിക്കുന്നു.
ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദം
ആറ്റുകാൽ പൊങ്കാലയെത്തുടർന്ന് ശുചീകരണവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറികൾ വാടകയ്ക്കെടുത്ത സംഭവത്തിലും മേയർക്കെതിരെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ എൽഎസ്ജിഡി എസിഎസ് നെ ചുമതലപ്പെടുത്തി.
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്.എന്നാൽ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകൾ വെളിപ്പെടുത്തുന്നത് . ഈ വാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് ഭക്തർ വീടുകളിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലും മാത്രമായിരുന്നു പൊങ്കാല ഇട്ടത് എന്നതിനാൽ ഫെബ്രുവരി 19 മുതൽ 28 വരെ നടന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് റോഡുകളിലോ ക്ഷേത്രത്തിലോ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊങ്കാലയ്ക്കു ശേഷം നഗരസഭാ അധികൃതർക്ക് നഗരത്തിലെ റോഡുകൾ മുഴുവൻ വൃത്തിയാക്കേണ്ടിയും വന്നില്ല. ആറ്റുകാൽ ക്ഷേത്ര പരിസരം മാത്രമാണ് കോർപ്പറേഷൻ അധികൃതർ ശുചീകരിച്ചത്. എന്നാൽ ശുചീകരണവാഹനങ്ങളുടെ വാടക ഇനത്തിൽ 357800 രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.
ശുചീകരണത്തിനായി ഫോർട്ട് ഗ്യാരേജ് സൂപ്പർവൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് എടുക്കുകയായിരുന്നു. പൊങ്കാലയ്ക്ക് 5 ദിവസം മുൻപ് ഫെബ്രുവരി 22 ന് ലോറികൾ വാടകയ്ക്കെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് മേയർ മുൻകൂർ അനുമതി നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. മേയറുടെ മുൻകൂർ അനുമതി സാധൂകരിക്കുന്ന വിഷയം കഴിഞ്ഞ മാസം 17 ന് കൂടിയ ആരോഗ്യ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തായത്.
പൊങ്കാലക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചിയാക്കുന്നുവെന്നതിന് പ്രശംസ പിടിച്ചുപറ്റിയ നഗരസഭയാണ് ഇല്ലാത്ത മാലിന്യത്തിന്റെ പേരിൽ തുക വകമാറ്റിയത്. ഇതെ തുടർന്ന് മുൻവർഷങ്ങളിലെ ശുചീകരണപ്രവർത്തനങ്ങളും സംശയത്തിന്റെ നിഴലിലാണ്. ആ കണക്കുകളിലും പുനപരിശോധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.150 മുതൽ 200 വരെ ക്യുബിക് അടി ശേഷിയുള്ള അഞ്ചു ടിപ്പറുകളും, 200 മുതൽ 300 വരെ ക്യുബിക് അടി ശേഷിയുള്ള 16 ലോറികളും വാടകയ്ക്ക് എടുത്തതായാണ് റിപ്പോർട്ട്.
21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി. സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്.
കോർപ്പറേഷന്റെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ് അടുത്ത വിവാദത്തിന് കാരണമായത്. എന്നാൽ നടന്നത് വികസന സെമിനാറല്ലെന്നും വർക്കിങ് ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മേയർ രംഗത്തെത്തിയിരുന്നു. മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി ഡ്രഗ് ഹൗസ് മേയർ നേരിട്ടെത്തി പൂട്ടിച്ചതും ഏറ്റവുമൊടുവിൽ നടന്ന മറ്റൊരു വിവാദമായിരുന്നു. ന്യൂ തീയറ്ററിന് മുന്നിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധിച്ചവരെ അവഹേളിച്ചുകൊണ്ട് മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും തൈക്കാട് ശ്മശാനം പണി പൂർത്തിയായതിനെ പറ്റി മേയർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന്റെ ഭാഷയും ഏറെ വിമർശിക്കപ്പെട്ടു.
സ്ഥാനമേറ്റെടുത്തിട്ട് ആറ് മാസം പോലുമാകുംമുമ്പാണ് ഇത്രയേറെ വിവാദങ്ങൾ തിരുവനന്തപുരം മേയറുടെ പേരിലുണ്ടായിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവുമൊടുവിലെ ആരോപണമായാണ് പൊങ്കാല ശുചീകരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും പൊന്തിവന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ