ഡബ്ലിൻ: അയർലണ്ടിൽ നഴ്‌സിങ് ജോലിക്ക് നിലവിലുള്ള സംവിധാനങ്ങളിൽ പാടേ അഴിച്ചുപണി. വിദേശത്തു നിന്നുള്ള നഴ്‌സുമാർക്കുള്ള അഡാപ്‌റ്റേഷൻ രീതികൾ പൂർണമായും ഒഴിവാക്കി പകരം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് സംവിധാനമാണ് കൊണ്ടുവരുന്നിരിക്കുന്നത്. അഡാപ്‌റ്റേഷനു പകരം ഐറീഷ് നഴ്‌സിങ് ബോർഡ് നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാകുന്നവർക്കു മാത്രമേ് നഴ്‌സിങ് ബോർഡ് രജിസ്‌ട്രേഷൻ ലഭിക്കുകയുള്ളൂ.
റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അർലണ്ടിനാണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയിൽ ഓന്നാം ഘട്ടം തിയറിയും രണ്ടാം പ്രാക്ടിക്കലുമാണ്. ഉദ്യോഗാർത്ഥികൾ ഇരുപാദ പരീക്ഷകൾക്കുമായി ചിലവഴിക്കേണ്ടി വരുക 2800 യൂറോയാണ്.

ഒന്നാം ഭാഗത്തിൽ തിയറി ഓഫ് നോളജ് എന്ന പേരിലുള്ള ടെസ്റ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നഴ്‌സിങ് മേഖലയിൽ ഉദ്യോഗാർഥിയുടെ അറിവ് പരിശോധിക്കുന്ന ടെസ്റ്റിന് ആയിരം യൂറോയാണ് അപേക്ഷാ ഫീസ്.  മൂന്ന് മണിക്കൂർ നേരമാണ് പരീക്ഷാ സമയം. 150 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ജയിക്കാൻ വേണ്ടത് 50 ശതമാനം മാർക്കാണ്.

ഈ ടെസ്റ്റിൽ പാസാകുന്നവർക്ക് 1800 യൂറോ ഫീസ് അടച്ച് പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുക്കാം.  രോഗികളെ പരിശോധിക്കുക, അവരുടെ രോഗങ്ങൽ നിർണ്ണയിക്കുക എന്നിവയാണ് രണ്ടാം ഘട്ട പ്രാക്ടിക്കൽ പരീക്ഷ. ബ്യൂമോണ്ട് ആശുപത്രിയിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരേയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം ആറുവരെയുമായിരിക്കും ടെസ്റ്റ്. ആശുപത്രിയിൽ ഇതിനായി 14 റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഓരോ റൂമിലും 10 മിനിട്ട് സമയം രോഗികൾക്കൊപ്പം നല്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഓരോ റൂമിലും രണ്ടു ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ട പരീക്ഷയിൽ അവർക്ക് മാർക്ക് ലഭിക്കുക.

ഇരുപാദ പരീക്ഷകളിലും തോറ്റ ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ അവസരം ലഭിക്കും. എന്നാൽ പൂർണ്ണമായി പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം ഇവർ അടച്ച ഫീസുകളൊന്നും തിരികെ ലഭിക്കുന്നതല്ല. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തപ്പെടുന്ന ഓരോ ബാച്ചിലും 28 ഉദ്യോഗാർത്ഥികൾക്കാണ് അവസരം ലഭിക്കുക. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അയർണ്ടിൽ എത്തണം. പുതിയ പരീക്ഷാ സംവിധാനങ്ങൾ അയർലണ്ട് നടപ്പിൽ വരുത്താൻ തയ്യാറെടുക്കുന്നതോടെ നഴ്‌സിങ് ഏജന്റുമാരുടെ നിലവിലെ സ്ഥാനം നഷ്ടമാകും.

ഒക്ടോബർ 28 ന് ആർസിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ആദ്യം അപേക്ഷിക്കുന്ന 28 പേർക്ക് ഡിസംബർ 5 ന് തിയറി പരീക്ഷയും, അതിൽ വിജയിക്കുന്നവർക്ക് ഡിസംബർ 12 ന് പ്രാക്ടിക്കൽ ടെസ്റ്റും നടത്തുന്നതായിരിക്കും. പരീക്ഷാ ഫലം 16 ന് പ്രസിദ്ധപ്പെടുത്തും. അന്നു തന്നെ അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകളും സ്വീകരിച്ചു തുടങ്ങും.