ബെർലിൻ: ജർമനിയിൽ പുതിയ ദയാവധ ബിൽ പാസായി. ദയാവധം ബിസിനസ് ആക്കുന്നവർക്ക്, അതു ഡോക്ടർമാരോ സംഘടനകളോ ആയാലും ശിക്ഷ ലഭിക്കുന്ന തരത്തിലാണ് പുതിയ ബിൽ പാസാക്കിയിരിക്കുന്നത്. പാർലമെന്റിൽ ഏറെ നേരത്തെ ചർച്ചകൾക്കു ശേഷമാണ് 602നെതിരേ 360 വോട്ടുകൾക്ക് ബിൽ പാസായത്.

മാറാരോഗം ബാധിച്ചവർക്ക് ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്നത് നിയമവിധേയമാക്കിയെങ്കിലും ഏറെ നിബന്ധകളോടെയാണ് ബിൽ പാസാക്കിയിരിക്കുന്നത്. ദയാവധം ബിസിനസ് ആക്കി എടുക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പണം വാങ്ങിയോ വാങ്ങാതെയോ ഇത്തരത്തിൽ വ്യാവസായികമായി ദയാവധം നടപ്പാക്കുന്നവർക്ക് മൂന്നു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഫലത്തിൽ, മാറാരോഗിയായ ഭാര്യയ്ക്ക് മരണത്തെ പുൽകാൻ ഭർത്താവിന് സഹായം ചെയ്തു കൊടുക്കാം. എന്നാൽ ഏതെങ്കിലും അസോസിയേഷനോ ബിസിനസ് സ്ഥാപനമോ ഇത്തരത്തിൽ ദയാവധത്തിന് സഹായം ചെയ്തുകൊടുക്കുകയാണെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നർഥം. നിബന്ധനകളോടെ ദയാവധ ബിൽ പാസാക്കിയിരിക്കുന്നതിനാൽ ഡോക്ടർമാരുടെ കാര്യമാണ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം വ്യക്തതയില്ലാതെ ഇറക്കിയിരിക്കുന്ന ബില്ലിനെതിരെ പരക്കെ വിമർശനവും ഉയരുന്നുണ്ട്.