കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ സർക്കാർ രജിസ്റ്ററിൽ പേരുള്ളവർക്ക് ഇനി നോർത്തേൺ ടെറിറ്ററിയിൽ മദ്യമില്ല. ഡ്രിങ്കർ രജിസ്റ്റർ നിയമം സംസ്ഥാന പാർലമെന്റ് പാസാക്കിയതോടെയാണ് മദ്യവാങ്ങുന്നതിൽ കൂടുതൽ കർശന നിയമം വരുന്നത്. അടുത്തമാസം ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. പുതിയ നിയമമനുസരിച്ച് ചില്ലറ വിൽപനശാലകളിൽനിന്ന് മദ്യം വാങ്ങുന്നവരുടെ ഫോട്ടോ തിരിച്ചറിയൽ നടത്തിയിരിക്കണം.

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവർ, ആൾക്കഹോൾ ഉപയോഗത്തിനുശേഷം ഗാർഹിക പീഡനം നടത്തിയവർ, മയക്കുമരുന്ന് ഉപയോഗത്തിന് കസ്റ്റഡിയിലായിരുന്നവർ തുടങ്ങിയ കേസുകളിൽ പെട്ട് സർക്കാർ രജിസ്റ്ററിൽ പേരുള്ളവർക്കാണ്് മദ്യം നിഷേധിച്ചിരിക്കുന്നത്. മദ്യം ഉപയോഗത്തെത്തുടർന്നുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

ആൾക്കഹോൾ ഹാം റിഡക്ഷൻ ബില്ലിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ ബാൻഡ് ഡ്രിങ്കർ രജിസ്റ്റർ നിലവിൽ വന്നിരിക്കുന്നത്.