കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വണ്ടിപെരിയാർ സ്വദേശിനിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കുഞ്ഞിനെ കടത്തിയ നീതുവിനെ സഹായിച്ച കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്. പ്രതിയായ നീതുവിനെ ഇയാളാണ് സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സുരക്ഷ വർധിപ്പിക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ജീവനക്കാർക്ക് ഐഡി കാർഡ് നിർബന്ധമാക്കി. സിസിടിവികൾ സ്ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്‌പി ശിൽപ വ്യക്തമാക്കി. കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരു റാക്കറ്റുമായി ബന്ധമില്ല. പ്രതി തനിയെയാണ് കുറ്റം ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാൽ ആണ് കുട്ടിയെ തട്ടിയെടുത്തത്. നീതുവിന്റെ ലക്ഷ്യമറിയാൻ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശിൽപ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ റാക്കറ്റ് ഉണ്ടോ എന്ന് മന്ത്രി സജി ചെറിയാൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌പിയുടെ വിശദീകരണം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നീതുവിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തത വരികയുള്ളൂ. മുൻപ് നീതു കുറ്റകൃത്യങ്ങളിൽ ഒന്നും തന്നെ ഏർപ്പെട്ടിട്ടില്ല. നീതുവിന് ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണ്. നാലാം തീയതി മുതൽ നീതു ഹോട്ടലിൽ താമസിച്ചുവരികയാണെന്നും എസ്‌പി പറഞ്ഞു.

സാമ്പത്തിക ബാധ്യത തീർക്കുക ലക്ഷ്യം

കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകിയതായി നേരത്തെ വാർത്ത വന്നിരുന്നു. ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആൺകുട്ടിയുമായി ഇവർ ബാർ ഹോട്ടലിൽ റൂമെടുത്തത്. ഇന്നലെയും മെഡിക്കൽ കോളജിലെത്തി.
ഇതിനു മുൻപും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആർഎംഒ വ്യക്തമാക്കി. ഗാന്ധിനഗർ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്റൽ കോളജിൽ നഴ്‌സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയർന്നിരുന്നു. എന്നാൽ, നീീതു മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് എസ്‌പിയുടെ വിശദീകരണം.

വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാൽ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പൊലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു.