- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതുവിന്റേത് കൃത്യമായ ആസൂത്രണം; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ആശുപത്രിക്ക് സുരക്ഷാ വീഴ്ചയില്ലെന്ന് റിപ്പോർട്ട്; ആശുപത്രിക്കുള്ളിൽ നിന്നും നീതുവിന് സഹായമില്ല; ജാഗ്രതാ കുറവിന്റെ ഭാഗമായി ഒരു സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഷൻ
കോട്ടയം: നവജാതശിശുവിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ആസൂത്രിതമായാണ് നീതു കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്കുള്ളിൽനിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം. ഇക്കാര്യം അന്വേഷണത്തിൽ തെളിഞ്ഞിട്ടുമുണ്ട്.
സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് ആർഎംഒ, പ്രിൻസിപ്പൽ തല സമിതിയാണ് അന്വേഷിച്ചത്. ഇവർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ചയില്ലെന്ന കണ്ടെത്തൽ. സമിതി മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജാഗ്രത കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ വേഷത്തിൽ എത്തിയ നീതു എന്ന യുവതി കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ ഊർജിതമായ തെരച്ചിലിന് ഒടുവിൽ കുഞ്ഞിനെ ഹോട്ടലിൽ നിന്ന് കണ്ടെത്തി.
കൊച്ചിയിലേക്ക് പോകാനായി നീതു ടാക്സി വിളിച്ചിരുന്നു. നീതു വിളിച്ച ടാക്സിയിലെ ഡ്രൈവറാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. കാമുകനെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. പൊലീസ് പിടിയിലായ നീതുവിനെ റിമാൻഡ് ചെയ്തു. ടിക്ക് ടോക്കിൽ തുടങ്ങിയ ബന്ധം തകരാതിരിക്കാനാണാണ് നവജാത ശിശുവിനെ നീതു രാജ് തട്ടിയെടുത്തത്.
കളമശേരി എച്ച്എംടി വാഴയിൽ ഇബ്രാഹിം ബാദുഷ(28)യുമായി പ്രണയത്തിലായ നീതു ഈ ബന്ധം തകരാതിരിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്. ഫെബ്രുവരിയിൽ താൻ 2 മാസം ഗർഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. ഗർഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാൽ ഇക്കാര്യം മറച്ചുവച്ച നീതു തന്റെ കുഞ്ഞാണെന്നു കാണിക്കാൻ വേണ്ടിയാണു നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽനിന്നു തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്സാപ് വഴി അയച്ചു കൊടുക്കുകയും വിഡിയോ കോൾ വഴി കാണിക്കുകയും ചെയ്തു.
നീതുവിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഇബ്രാഹിമിന്റെ അറസ്റ്റും രേഖപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിൽ പങ്കില്ലെങ്കിലും നീതുവിന്റെ കയ്യിൽ നിന്നു പണം തട്ടിയെടുത്തതിനും നീതുവിനെയും 8 വയസ്സുകാരൻ മകനെയും ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്.നീതുവിനെതിരെ മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഇന്നലെ വൈകിട്ടോടെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഇബ്രാഹിമിനെ ഇന്നു കോടതിയിൽ ഹാജരാക്കും. നീതുവിന്റെ കൂടെയുണ്ടായിരുന്ന മകനെ അവരുടെ മാതാപിതാക്കൾക്കളെ വിളിച്ചു വരുത്തി കൈമാറി.വണ്ടിപ്പെരിയാർ 66ാം മൈൽ വലിയതറയിൽ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നഴ്സിന്റെ വേഷത്തിലെത്തിയ നീതു തട്ടിയെടുത്തത്. മണിക്കൂറുകൾക്കകം പൊലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏൽപിക്കുകയും ചെയ്തു.
കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഇന്ന് അമ്മയും കുഞ്ഞും ആശുപത്രി വിടും.മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു. ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നു മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ