കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റുചെയ്തു. പുത്തൂർ സ്വദേശിനിയായ അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ച് ഗർഭച്ഛിദ്രത്തിന് തീരുമാനിച്ചെങ്കിലും അത് നടന്നില്ലെന്നും ഇതോടെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആണ് അമ്പിളി മൊഴി നൽകിയിട്ടുള്ളത്.

കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം അമ്പിളി തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടി ഉടനെ വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് അമ്പിളി പറയുന്നത്.
ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. പ്രസവം കഴിഞ്ഞയുടനെ തന്റെ അമ്മ ഉഷയുടെ സഹായത്തോടെയാണ് അമ്പിളി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

പുത്തൂർ കാരിക്കൽ സ്വദേശിയാണ് അമ്പിളി. ഇവർക്ക് നേരത്തേ ജനിച്ച ഒരു കുഞ്ഞ് ഉണ്ട്. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടാമത് ഒരു കൂഞ്ഞ് വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇവരെന്ന് പറയുന്നു. ഇതിനിടെയാണ് വീണ്ടും ഗർഭിണിയായത്. അപ്പോൾ ഗർഭച്ഛിദ്രം നടത്താനായി ആശുപത്രിയിൽ പോയെങ്കിലും അതിന് ആശുപത്രി അധികൃതർ സമ്മതിച്ചില്ല.

അങ്ങനെയാണ് കുഞ്ഞ് ജനിച്ചാലുടൻ കൊലപ്പെടുത്താനുള്ള തീരുമാനത്തിൽ എത്തിയത്. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തവും മറ്റും കണ്ടതോടെ എന്താണെന്ന് അന്വേഷിച്ചിരുന്നു. അപ്പോൾ അബോർഷനായെന്നും കുഞ്ഞ് മരിച്ചുപോയെന്നും തുണിയിലാക്കി കളഞ്ഞെന്നും പറയുകയായിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തെരുവുനായ കടിച്ചു കീറിയ നിലയിൽ രണ്ടുദിവസം മുമ്പാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇപ്പോൾ അമ്മ അമ്പിളിയെ പിടികൂടിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായമുണ്ടെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന സംശയവും ഉയർന്നിരുന്നു.

ഏപ്രിൽ 21ന് രാവിലെയാണ് മാംസ കഷണങ്ങൾ തെരുവുനായ്ക്കൾ വലിച്ചുകീറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടൻ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി പൊലീസ് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതും കൊലപാതകമാണെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്തതും. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ നിന്നും ആശാ പ്രവർത്തകരിൽ നിന്നും വിവരം ശേഖരിച്ചതോടെയാണ് അമ്പിളിയെ കണ്ടെത്തുന്നതും കൊലപാതകം വ്യക്തമായതും.